തിരുവനന്തപുരം.കെഎസ്ആർടിസിക്ക് പുത്തൻ സ്ലീപ്പർ ബസുകൾ ഉടൻ എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ബാംഗ്ലൂരിലേക്ക് ഉൾപ്പെടെ ദീർഘദൂര സർവീസുകളിൽ സ്വകാര്യ ബസ്സുകളുടെ കുത്തക പൊളിക്കാനാണ് തീരുമാനമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
മുഖം മാറ്റത്തിന് ഒരുങ്ങുന്ന KSRTC യുടെ നിർണായക ചുവട് വെയ്പ്പ്. ബാംഗ്ലൂരിലേക്ക് അടക്കമുള്ള സ്ലീപ്പർ ബസുകളുടെ സ്വകാര്യ കുത്തക പൊളിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിൽ.കെഎസ്ആർടിസിക്ക് പുത്തൻ സ്ലീപ്പർ ബസ്സുകൾ വരാൻ പോകുന്നു എന്ന് ഗതാഗത മന്ത്രി പറഞ്ഞു. ആദ്യ വണ്ടിയുടെ ഫൈനൽ ഇൻസ്പെക്ഷൻ മാത്രമാണ് ബാക്കി..
എട്ട് സ്ലീപ്പറുകൾ, 8 സീറ്ററുകൾ, 10 സ്ലീപ്പർ കം സീറ്ററുകൾ, 10 പ്രീമിയം സൂപ്പർ ഫാസ്റ്റ് പാസഞ്ചറുകൾ തുടങ്ങി എല്ലാ ക്ലാസുകളിലും പുതിയ വാഹനങ്ങൾ വരും.കർണാടക ,തമിഴ്നാട് ഗതാഗത വകുപ്പുകളുമായി സംസ്ഥാന സർക്കാർ എഗ്രിമെന്റിൽ എത്തി. തമിഴ്നാട്ടിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 50 ബസ്സുകൾക്ക് പെർമിറ്റ് ലഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി.
യാത്ര സമയം വേഗത്തിലാക്കുന്നതിന് ലിമിറ്റഡ് സ്റ്റോപ് പ്രീമിയം ഫാസ്റ്റ് പാസഞ്ചറുകൾ നിരത്തിലിറക്കും. കൂടുതൽ KSRTC ബസുകളിൽ ഹൈബ്രിഡ് എസി നടപ്പിലാക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.