കൊട്ടിയം. കൊല്ലത്ത് ട്രാൻസിറ്റ് ഹോമിന്റെ മതിൽ ചാടികടന്ന് രക്ഷപെടാൻ ശ്രമിച്ച വിദേശിപിടിയിൽ. റഷ്യൻ സ്വദേശി 29 കാരനായ ഇലിയ ഇക്കിമോയെയാണ് മണിക്കൂറുകൾക്കകം കൊട്ടിയം പോലീസ് പിടികൂടിയത്
നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽൽ പിടിക്കപ്പെടുന്ന വിദേശികളെ പാർപ്പിക്കുന്ന കൊട്ടിയത്തുള്ള ട്രാൻസിറ്റ് ഹോമിൽ നിന്നും ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് റഷ്യകാരനായ ഇലിയഇക്കിമോ കടന്നു കളഞ്ഞത്. പിൻഭാഗത്തെ ശൗചാലയത്തിന്റെ മുകളിൽ കയറി 10 അടിയോളം പൊക്കമുള്ള ചുറ്റ് മതിൽ ചാടിക്കടന്നാണ് രക്ഷപെട്ടത്. ട്രാൻസിറ്റ് ഹോമിലെ സി.സി ടി വി ദൃശ്യങ്ങളിലൂടെ ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷ ജീവനക്കാർ തടയാൻ ശ്രമിച്ചു. ഇതോടെ ഇവരെ ആക്രമിച്ച ശേഷമാണ് ഇലിയ കടന്നു കളഞ്ഞത്. ട്രാൻസിറ്റ് ഹോം അധികൃതർ ഉടൻ കൊട്ടിയം പൊലീസിൽ വിവരമറിയിച്ചതോടെ ഉമയനല്ലൂർ പട്ടരുമുക്കിൽ വച്ച് യുവാവിനെ പിടികൂടി. 2024-ൽ സന്ദർശന വിസയിൽ കേരളത്തിൽ എത്തിയ ഇലിയ കാലാവധി കഴിഞ്ഞിട്ടും തിരികെ മടങ്ങിയിരുന്നില്ല. കപ്പൽ മാർഗ്ഗം അനധികൃതമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയത്. ഏറണാകുളം മുളവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടുമ്പോഴാണ് രക്ഷപെടാനുള്ള ശ്രമം. കൊട്ടിയം പൊലീസ് ഇതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ഇലിയ ഇക്കിമോയെ ട്രാൻസിറ്റ് ഹോമിലേക്ക് മാറ്റി.