പഴയ സർവേ നമ്പർ നൽകുന്നതിന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫിസർ പിടിയിൽ

1159
Advertisement

പഴയ സർവേ നമ്പർ നൽകുന്നതിന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫിസർ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ യെ ആണ് പഴയ സര്‍വ്വേ നമ്പര്‍ നല്‍കുന്നതിന് ഗൂഗിള്‍-പേ വഴി 1,000 രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയത്.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആവശ്യത്തിനായി വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യമായി വന്നു. ഇതിനായി അദ്ദേഹം ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീതയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ വിളിച്ച് വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ തിരക്കായതിനാല്‍ അടുത്ത ദിവസം വിളിക്കാന്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ച് അടുത്തദിവസം വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ചപ്പോള്‍ വാട്ട്‌സ് ആപ്പ് നമ്പര്‍ നല്‍കിയ ശേഷം വസ്തുവിന്റെ വിവരം വാട്ട്‌സ് ആപ്പില്‍ അയക്കാന്‍ പറയുകയും, ഇതിലേക്ക് ഒരു ഫീസ് അടക്കണമെന്നും, തുക വാട്ട്‌സ് ആപ്പ് വഴി അറിയിക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ പഴയ സര്‍വ്വേ നമ്പര്‍ വാട്ട്‌സ് ആപ്പ് വഴി വില്ലേജ് ഓഫീസര്‍ക്ക് അയച്ച് കൊടുത്തപ്പോള്‍, ഗൂഗിള്‍-പേ നമ്പര്‍ തിരിച്ച് അയച്ച് കൊടുത്ത ശേഷം, അതില്‍ 1,000 രൂപ ഇട്ട് കൊടുക്കണമെന്ന് വാട്ട്‌സ് ആപ്പ് മെസ്സേജ് അയച്ച് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സമീപിക്കുകയായിരുന്നു.

Advertisement