നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം ‘ആക്ടീവാ’യി നില നിർത്തിയെന്നതാണ്…കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

970
Advertisement

കോഴിക്കോട് നിന്ന് കാണാതായ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ചിട്ടി നടത്തിപ്പുകാരന്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് വിശദാംശങ്ങള്‍ വെളിപ്പെട്ടത്. ഊട്ടി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തില്‍ ഏല്‍പ്പിച്ച ഗുരുതര പരുക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് 2024 മാര്‍ച്ചില്‍ തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡി എന്‍ എ സാമ്പിള്‍ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.

ആള്‍ താമസമില്ലാത്തതിനാലാണ് ഈ വീട് തിരഞ്ഞെടുത്തത്.
ചിട്ടി പണം തിരികെ കിട്ടാനായി മര്‍ദിച്ചപ്പോഴാണ് ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നും പ്രതികളുടെ മൊഴിയിലുണ്ട്. കേരള, തമിഴ്‌നാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. നാലടി താഴ്ചയിലായിരുന്നു മൃതദേഹം.
സാമ്പത്തിക ഇടപാടുകളാണ് ഹേമചന്ദ്രന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ് കൊല്ലപ്പെട്ട ഹേമചന്ദ്രന്‍. പലരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു എന്നാണ് വിവരം. പണം കടം നല്‍കിയ സംഘം ഹേമചന്ദ്രനെ പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടുപോവുകയായിരുന്നു. തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദിച്ചു. ഇവര്‍ കൊണ്ടുപോയി രണ്ടാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണം, മറ്റു സാമ്പത്തിക കേസുകള്‍ എന്നിവ വഴിയാണ് പൊലീസ് കേസില്‍ തുമ്പുണ്ടാക്കിയത്.

ഉള്‍വനത്തിലെ ചതുപ്പില്‍നിന്ന് മണ്ണുനീക്കി പുറത്തെടുക്കുന്ന നിമിഷംവരെ അന്വേഷണസംഘത്തിന് ആശങ്കയായിരുന്നു. മുന്‍പ് പലഘട്ടങ്ങളിലും അന്വേഷണം വഴിതിരിച്ചുവിട്ട പ്രതികള്‍ മൃതദേഹം പറഞ്ഞിടത്തുതന്നെയാണോ ഒളിപ്പിച്ചത് എന്നതില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ കാര്യമായി അഴുകാത്ത മൃതദേഹമാണ് പൊലീസ് കണ്ടത്. വനഭൂമിയിലെ തണുപ്പാണ് മൃതദേഹം അഴുകാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. 

നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം ‘ആക്ടീവാ’യി നില നിർത്തിയത്

പോലീസിന്റെ കേസന്വേഷണം ഏതുവഴിക്കുപോകുമെന്ന് കണക്കുകൂട്ടി മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാനും തെളിവുകൾ ഇല്ലാതാക്കാനും മുഖ്യപ്രതി നൗഷാദും കൂട്ടാളികളും ‘അതി ബുദ്ധി’ കാണിച്ചു. ഇതിൽ നിർണായകമായത് കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോൺ മാസങ്ങളോളം ‘ആക്ടീവാ’യി നില നിർത്തിയെന്നതാണ്.

തട്ടിക്കൊണ്ടുപോയ റൂട്ടുതന്നെ തെറ്റിക്കാൻ ആദ്യഘട്ടം മുതൽ ആസൂത്രിതനീക്കം നടന്നു. ഫോൺ ഒരുവഴിക്കും ഹേമചന്ദ്രൻ മറ്റൊരുവഴിക്കും നീങ്ങി. ഈ ഫോണിൽനിന്ന് ഹേമചന്ദ്രന്റെ ഭാര്യ സുഭിഷയുടേതുൾപ്പെടെ പല ഫോണുകളി ലേക്കും ‘വിളിച്ചു’. സന്ദേശങ്ങൾ വന്നു. പല സന്ദേശങ്ങൾക്കും മറുപടിനൽകി. ഹേമചന്ദ്രൻ പലപ്പോഴായി മുൻപുപോ യിട്ടുള്ള റൂട്ടുകളിലൂടെ ഫോൺ സഞ്ചരിച്ചു.

പലപ്പോഴും വീട്ടിലേക്ക് വിളിച്ച് അവ്യക്തമാകാത്ത രീതിയിൽ സംസാരിക്കുകപോലും ചെയ്തു. ഇത്തരത്തിൽ ഒരിക്കൽവിളിച്ച കോളാണ് വഴിത്തിരിവിലേക്ക് എത്തിച്ചത്. വിളിച്ച കോളിലെ ശബ്ദം അച്ഛന്റേതല്ലെന്ന് മകൾ പറഞ്ഞതോടെയാണ് പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന സൂചനയിലേക്ക് പോലീസിനെ നയിച്ചത്. പ്രതികളിലൊരാൾ മൈസൂരുവിൽനിന്ന് ഹേമചന്ദ്രന്റെ മകളെ വിളിച്ച് സംസാരിച്ചിരുന്നു. ഈ ഫോൺലൊക്കേഷൻ കേന്ദ്രീകരിച്ചുനടത്തിയ സൈബർ അന്വേഷണമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.

ഹേമചന്ദ്രൻ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും അതുകൊണ്ടുതന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപകടപ്പെടുത്തിയതാണോ യെന്നും സംശയമുണ്ടായി. പണം കൊടുക്കാനുള്ളവരിൽനി ന്നുള്ള സമ്മർദംകാരണം മാറിനിൽക്കുകയാണോയെന്നുമുള്ള സംശയം ആദ്യഘട്ടങ്ങളിൽ ഈ ഫോൺ ഉപയോഗിച്ച് പ്രതികളുമുണ്ടാക്കി.

Advertisement