മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലിൽ അന്വേഷണം

211
Advertisement

തിരുവനന്തപുരം. മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ്. വകുപ്പുതല അന്വേഷണം ആദ്യഘട്ടത്തിൽ നടത്തും. സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്കായിരിക്കും അന്വേഷണം തുടങ്ങുക. ഫെയ്സ്ബുക്ക് കുറുപ്പിലൂടെ തുറന്നു പറച്ചിൽ നടത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിൽ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടി ഉണ്ടാകും.

ശസ്ത്രക്രിയ മുടങ്ങിയതോ ഉപകരണം ഇല്ലാത്തതോ ആയ കാര്യങ്ങൾ ആരും അറിയിച്ചിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ഇന്നലെ പറഞ്ഞു. അതേസമയം ഡോക്ടർ ഹാരിസ് ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. യൂറോളജി വിഭാഗത്തിൽ മാത്രമല്ല മറ്റു പല വിഭാഗങ്ങളിലും ഉപകരണങ്ങളുടെ കുറവുണ്ടെന്നായിരുന്നു ഡോക്ടറിന്റെ ഇന്നലത്തെ പ്രതികരണം. അക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ പറയില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ അവധിയിലാണ് യൂറോളജി വിഭാഗം മേധാവിയായ ഡോക്ടർ ഹാരിസ് ചിറക്കൽ.

Advertisement