തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവിനെ കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ച് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. എന്നാൽ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തനിക്കെതിരെ നടപടിയെടുക്കുന്നെങ്കില്‍ എടുക്കട്ടെ ഭയപ്പെടുന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞതിനാലാണ് പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അങ്ങേയറ്റത്തെ മനഃപ്രയാസമുണ്ടായതിനാലാണ് ഫേസ്ബുക്ക് പോസ്റ്റിടാന്‍ തീരുമാനിച്ചത്. സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തണം എന്നതായിരുന്നു ഉദ്ദേശം. ഡി എം ഇ, മെഡിക്കല്‍ കോളജ് കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവരെ കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ ഉറപ്പിന്മേലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും ഹാരിസ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പ്രശ്നം നേരത്തെ അറിയിച്ചിരുന്നു. എല്ലാം ചെയ്തു തരാം എന്നതായിരുന്നു മറുപടി. ഏഴ്, എട്ട് മാസം മുമ്പേ അറിയിച്ചതാണ്. വീഴ്ചയാണോ ശ്രദ്ധിക്കാത്തതാണോ എന്നത് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സംഭവം ആരോഗ്യ വകുപ്പ് അന്വേഷിക്കുമെന്ന് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.