ചേറ്റുവ: ചേറ്റുവ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങി. വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചേറ്റുവ കടലിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വാടാനപ്പള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് വള്ളം കുടുങ്ങിയത്.
കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണിയുടെ ഉടമസ്ഥതയിലുള്ള ‘തട്ടകത്തമ്മ’ എന്ന ഇൻബോർഡ് വള്ളമാണ് എഞ്ചിൻ തകരാറിലായത്. കഴിമ്പ്രം, വലപ്പാട് സ്വദേശികളായ 40 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളവും തൊഴിലാളികളും കടലിൽ കുടുങ്ങിയതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചു. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സി. സീമയുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെൻ്റ് ആന്റ് വിജിലൻസ് വിങ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വി.എം ഷൈബു, വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, മുനക്കകടവ് തീരദേശ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അവിനാഷ് എന്നിവരും റസ്‌ക്യൂ ഗാർഡുമാരായ ഷിഹാബ്, അജിത്ത്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് മുനക്കകടവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.