കണ്ണൂര്‍: പേ വിഷബാധയേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. മേയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്‌സിന് സമീപത്ത് വച്ച് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്.
അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ എത്തി വാക്‌സീനേഷന്‍ എടുത്തു. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയും വാക്സിന്‍ നല്‍കുകയുമായിരുന്നു. തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിനും, കൈയ്ക്കും, കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ വാക്സിന്‍ എടുത്ത ശേഷം കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ കണ്ണിന് പരുക്കേറ്റതാണ് രോഗം ഗുരുതരമാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.