മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങില്‍ ഒരു വയസ്സുകാരന്‍ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹനാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുകയാണ്.
ഇന്നലെ വൈകുന്നേരമാണ് കോട്ടക്കലില്‍ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ച് കുഞ്ഞ് മരിച്ചത്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞു വീണു മരിച്ചുവെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഇന്ന് രാവിലെ കുട്ടിയുടെ കബറടക്കവും നടത്തി. തൊട്ടുപിന്നാലെ കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരാതിയുടെ പശ്ചാത്തലത്തില്‍ കുട്ടിയുടെ മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിവരും. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ അറീറ, അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. വീട്ടില്‍ വച്ചാണ് ഇവര്‍ കുട്ടിയെ പ്രസവിച്ചത്, ശേഷം യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.