തിരുവനന്തപുരം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സ്വാർത്ഥ താല്പര്യമായിരുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. ചാരം എന്ന പേരിൽ പുതുതായി പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ. ചാരവൃത്തി നടന്നിട്ടില്ലെന്നും സംഭവത്തെ വിവാദമാക്കിയതാണെന്നും ജോൺ മുണ്ടക്കയം പറയുന്നു..
ഏറെ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിലെ പിന്നാമ്പുറ കഥകളാണ് ചാരം എന്ന പുസ്തകം. മൂന്ന് പതിറ്റാണ്ട് മുമ്പ് വിവാദ കാലത്തെ മനോരമ ലേഖകനായിരുന്ന ജോൺ മുണ്ടക്കയം ആണ് കേസിന് പിന്നിലെ നാൾവഴികൾ വിവരിക്കുന്നത്.
ഐ ബി മുതൽ രാഷ്ട്രീയക്കാർവരെ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി കേസിനെ ഉപയോഗിച്ചു. ചാരവൃത്തി നടന്നിട്ടില്ല. ഐ ബി ഉദ്യോഗസ്ഥനായ എസ് വിജയൻറെ വീഴ്ചകളാണ് കേസിന് ആധാരം. ചാരക്കേസിൽ ഐജി രമൺ ശ്രീവാസ്തവയെ കരുവാക്കി. ഇതുവഴി കെ.കരുണാകരൻ മന്ത്രിസഭയെ അട്ടിമറിക്കാൻ പ്രതിപക്ഷവും കോൺഗ്രസിലെ ഒരു വിഭാഗവും ചാരക്കേസിനെ ഉപയോഗിച്ചുവെന്നും പുസ്തകം പറയുന്നു
ചാര കേസുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രമുഖ പത്രങ്ങളിൽ വന്ന വാർത്തകൾ പുസ്തകത്തിൻ്റെ അവസാന പേജിൽ ചേർത്തിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്തും വായിക്കാം