ഇടുക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ് നാട് പെരിയാർ നദിയിലേക്ക് വെള്ളമൊഴുക്കും. നിലവിലെ കണക്കനുസരിച്ച് 135. 55 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻറിൽ 3800 ഘനയടി ജലം അണക്കെട്ടിലേക്കൊഴുകിയെത്തുമ്പോൾ 2117 ഘനയടി വെള്ളം തമിഴ് നാട് കൊണ്ടു പോകുന്നുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് തമിഴ് നാടിൻറെ വിലയിരുത്തൽ. ഷട്ടറുകൾ തുറന്നേക്കുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരാണ് പെരിയാർ തീരത്തുള്ളത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ കൂടുതൽ പേരെ മാറ്റേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.