ഭാരതാംബ ചിത്രവിവാദം,ഇരിക്കപ്പൊറുതി ഇല്ലാതെ രജിസ്ട്രാര്‍

Advertisement

തിരുവനന്തപുരം. ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരള സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർ ഡോ. കെ.എസ് അനില്‍കുമാര്‍ ഇന്ന് വൈസ് ചാൻസലര്‍ക്ക് റിപ്പോർട്ട് നൽകും.. ഇന്ന് ഉച്ചയ്ക്ക് മുൻപ് റിപ്പോർട്ട് നൽകണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടിരുന്നു.. വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.

പരിപാടിയിൽ സംഘാടകർ കരാർ ലംഘിച്ചതിനാൽ പരിപാടി നിർത്തിവയ്ക്കാൻ രജിസ്ട്രാര്‍ ആവശ്യപ്പെടുകയും, രാജ്ഭവനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം പരിപാടി തുടർന്നതിനാലാണ് അനധികൃതമായി പരിപാടി നടത്തി എന്ന് കാണിച്ച് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നൽകിയത്.. ഇക്കാര്യങ്ങൾ റിപ്പോർട്ടിൽ രജിസ്ട്രാര്‍ വിശദീകരിക്കും.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്കു കടന്നതോടെ ഇടതുപക്ഷനോമിനിയെങ്കിലും രാജ്ഭവനില്‍ അനിഷ്ടമുണ്ടാക്കാതെ തുടര്‍ന്ന രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ ആണ് പ്രശ്നത്തിലായത്. എസ്എഫ്ഐ മുതല്‍ സിപിഎം വരെയുള്ള മുഴുവന്‍ പേരുടെയും ആളായി നിലനിന്നില്ലെങ്കില്‍ രജിസ്ട്രാറെ ആ കസേരയില്‍ ഇരുത്തില്ലെന്ന ഭീഷണിയിലാണ് ഇടതുപക്ഷം. അതേ സമയം ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഇടതുപക്ഷം ചേര്‍ന്നതോടെ രജിസ്ട്രാറുടെ നിയമനത്തിലെ വിവാദം ആരോപണമാക്കിയിരിക്കയാണ് സംഘപരിവാര്‍ . ഡിജിപിക്ക് പരാതികൊടുത്തത് സംഘപരിവാറിനെ നല്ല നിലയില്‍ ചൊടിപ്പിച്ചു കഴിഞ്ഞു. ഡോ.കെ.എസ് അനില്‍കുമാര്‍ ദേവസ്വം ബോര്‍ഡ് കോളജിലെ പ്രിന്‍സിപ്പലായിരിക്കെ എങ്ങനെയാണ് രജിസ്ട്രാര്‍ ആയി നിയമിക്കപ്പെട്ടതെന്ന ചോദ്യം ഇവര്‍ ഉയര്‍ത്തികഴിഞ്ഞു. എയിഡഡ് കോളജിലെ പ്രിന്‍സിലായിക്കുന്ന ആള്‍ക്ക് ഈ പദവിയിലേക്കുവരാന്‍ നിയമപരമായി കഴിയില്ലെന്നാണ് ആക്ഷേപം. മാധ്യമങ്ങള്‍ക്ക് വിഷയം വാര്‍ത്തയാക്കി ഇട്ടുകൊടുത്ത സംഘ പരിവാര്‍ നിയമപരമായി രജിസ്ട്രാറെ അയോഗ്യനാക്കാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ തന്‍റെ നിയമനവുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമനത്തില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും ഡോ.കെഎസ് അനില്‍കുമാര്‍ പ്രതികരിച്ചു. സംഘര്‍ഷം ലഘൂകരിക്കാനാണ് താന്‍ ശ്രമിച്ചത്. ഇതെല്ലാം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement