ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

281
Advertisement

ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും കോടതി ആരാഞ്ഞു.
സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു.
സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി കഴിഞ്ഞദിവസം ചിത്രം മുംബൈയില്‍ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് രേഖകള്‍ കൈമാറിയിരുന്നോ എന്നും കോടതി ചോദിച്ചു. റിവൈസിങ് കമ്മിറ്റിയുടെ നിര്‍ദേശം കോടതിയെ രേഖാമൂലം അറിയിക്കാനും ജസ്റ്റിസ് എന്‍. നഗരേഷ് ആവശ്യപ്പെട്ടു.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രം വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.

Advertisement