ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. തിങ്കളാഴ്ച്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും സന്ദര്‍ശിച്ചു. സ്‌കൂളില്‍ കുട്ടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് നിര്‍ദേശിച്ച കമ്മിഷന്‍ സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് മാനസിക ആഘാതമുണ്ടാകാത്ത രീതിയില്‍ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കായി ക്ലാസുകളും കൗണ്‍സലിംഗ് സൗകര്യങ്ങളും ഒരുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ ഇന്നലെ പുറത്താക്കിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് പേരെയാണ് പുറത്താക്കിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി രണ്ടുപേരെ കൂടി പുറത്താക്കാന്‍ സെന്റ് ഡൊമനിക്സ് കോണ്‍വെന്റ് മാനേജ്മെന്റ് തീരുമാനിച്ചത്.
സുഹൃത്തിന്റെ നോട്ട് ബുക്കിന് പിറകിലാണ് മരിച്ച ആശിര്‍നന്ദ ആത്മഹത്യ കുറിപ്പ് എഴുതിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ ആരോപണ വിധേയരായ അധ്യാപകരെ സസ്പെന്റ് ചെയ്യുമെന്നാണ് മാനേജ്മെന്റും പിടിഎയും ആദ്യം അറിയിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അഞ്ച് പേരെയും പുറത്താക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
തിങ്കളാഴ്ച്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് കോണ്‍വെന്റ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നു. പ്രതിഷേധം കനത്തതോടെ പ്രിന്‍സിപ്പല്‍ ഒപി ജോയ്സി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെ ആദ്യം തന്നെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ആത്മഹത്യ കുറിപ്പില്‍ പേരുള്ള അമ്പിളി, അര്‍ച്ചന എന്നീ അധ്യാപകരെ കൂടി പുറത്താക്കിയത്.