കൊച്ചി.സുരേഷ് ഗോപി ചിത്രം ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടിൽ മാറ്റമില്ലെന്നാവർത്തിച്ച് റിവ്യൂ കമ്മിറ്റി. ചിത്രം വീണ്ടും കണ്ട കമ്മിറ്റി പേര് മാറ്റിയേ പറ്റൂ എന്ന് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടു. സെൻസർ ബോർഡ് നിലപാടിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഫെഫ്കയുടെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെയും തീരുമാനം.
ഹൈന്ദവ ദൈവമായ സീതയുടെ പേരിനോട് സാദ്യശ്യമുളള ജാനകി എന്ന പേര് മാറ്റണമെന്ന നിലപാടാവർത്തിക്കുകയാണ് സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി. ജാനകി എന്ന പേര് പല കുഴപ്പത്തിലേക്കും വഴി വെയ്ക്കുമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അണിയറ പ്രവർത്തകരെ അറിയിച്ചു. ഔദ്യോഗികമായി അറിയിപ്പ് ഉടൻ ലഭ്യമാക്കുമെന്നും തീരുമാനം ഹൈ കോടതിയിൽ അറിയിക്കുമെന്നുo കമ്മിറ്റി വ്യക്തമാക്കി. നാളെ റിലീസിനെത്തേണ്ടതായിരുന്നു ചിത്രം . റിവ്യൂ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഹൈകോടതി ഹർജി നാളെ വീണ്ടും പരിഗണിക്കും. റിവ്യൂ കമ്മിറ്റിയുമായി മുംബൈയിൽ നേരിട്ടെത്തി കൂടി കാഴ്ച നടത്തിയതിന് ശേഷം സംവിധായകൻ പ്രവീൺ നാരായൺ തന്നെയാണ് ഫേസ് ബുക്കിലൂടെ വിവരം പങ്കുവെച്ചത്. തീരുമാനത്തിനെതിരെ നിർമ്മാതാക്കളുടെ സംഘടന തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നിലപാടറിയിക്കാൻ ഫെഫ്ക നാളെ കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്.