പാളയം. നിലവിലില്ലാത്ത കരാറിന്റെ പേരിൽ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്ന നടപടി കോർപ്പറേഷൻ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ്. പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാരനും ആയിട്ടുള്ള പ്രശ്നങ്ങൾ മറച്ചു പിടിക്കുന്നതിനാണ് വ്യാപാരികളുടെ ജീവിതമാർഗ്ഗം തട്ടിത്തെറുപ്പിച്ചുള്ള തുറന്നപോരിന് നഗരസഭാ സെക്രട്ടറി തയ്യാറായതെന്ന് ഇതിനാൽ വ്യക്തമാണ്. സെക്രട്ടറിയുടെ കഴിവുകേട് വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലുള്ളത്. നിസ്സാരമായി പരിഹരിക്കുവാൻ കഴിയുമായിരുന്ന പ്രശ്നം ബോധപൂർവ്വം കോടതിയിൽ വരെ എത്തിച്ചതും കരാറിലെ അപാകതകൾ മറച്ചു പിടിക്കുവാൻ ആണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറി വ്യാപാരികളെ കരുവാക്കുകയായിരുന്നു. പോലീസിന്റെയും ഗുണ്ടകളുടെയും പിൻബലത്തിൽ ഏതാനും ചില ഷെഡുകൾ പൊളിച്ച് നീക്കിയിരുന്നു. എന്നാൽ അവിടെ കച്ചവടം ചെയ്തിരുന്ന വ്യാപാരികൾ ഇതുവരെ പുതിയ താൽക്കാലിക കെട്ടിടങ്ങളിലേക്ക് മാറിയിട്ടീല്ല. കാറ്റും വെളിച്ചവും കയറാത്ത, മാലിന്യ കൂമ്പാരത്തിന് അടുത്തുള്ള കെട്ടിടത്തിലേക്ക് പോകാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് വ്യാപാരികൾ കെട്ടിടത്തിലേക്ക് കച്ചവടം മാറ്റി സ്ഥാപിക്കാത്തത്. അത്തരത്തിൽ കുടിയേഴിപ്പിക്കപ്പെട്ട വ്യാപാരികൾ മുഴുവൻ കെട്ടിടത്തിന്റെ വശങ്ങളിലായി പുറത്തിരുന്നാണ് പെരുമഴയെത്തും പൊരി വെയിലത്തും കച്ചവടം ചെയ്യുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ക്രമീകരണങ്ങൾ കെട്ടിടത്തിൽ ചെയ്യുവാൻ ഇതുവരെ സെക്രട്ടറി തയ്യാറായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉടൻ ആരംഭിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ പഴയ ഷെഡുകൾ പുനർ നിർമ്മിച്ചു നൽകണമെന്നും അവിടേക്ക് തെരുവിൽ ഇരുന്നു കച്ചവടം ചെയ്യുന്ന വ്യാപാരികളെ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാളയം കണ്ണുമേറാ മർച്ചന്റ്സ് അസോസിയേഷന്റെ ഭാരവാഹികളുടെ അടിയന്തരയോഗത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. രാജൻ. പി. നായർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി. വിദ്യാധരൻ, ജെ. റജാസ്, എസ്. ഷഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.