വാർത്താനോട്ടം

305
Advertisement

2025 ജൂൺ 26 വ്യാഴം

BREAKING NEWS

👉മഞ്ചേശ്വരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ ചുട്ട് കൊന്നു. കൊല്ലപ്പെട്ടത് വോർക്കാടി സ്വദേശി ഫിൽഡ (60 ).
അയൽവാസിയായ യുവതിയേയും തീ കൊളുത്തി. പ്രതി മെൽവിൻ ഒളിവിലാണ്.

👉വെള്ളാർമല വില്ലേജ് ഓഫീസറെ ഇന്നലെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ചൂരൽമല സ്വദേശികളായ ആറ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

👉 കനത്ത മഴയെ തുടർന്ന് മുണ്ട കൈയിലേക്കുള്ള ബെയ്ലി പാലം അടച്ചു.

👉ഇന്നലെത്തെ മഴയിൽ തകർന്ന വെള്ളാർമല പടവെട്ടിക്കുന്ന് റോഡിൽ ഇന്ന് നടത്തിയ നിർമ്മാണം നാട്ടുകാർ തടഞ്ഞു.

👉27 കുടുംബങ്ങളെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് വരെ പ്രതിഷേധം തുടരുമെന്നും നാട്ടുകാർ.

👉 വാൽപ്പാറയിൽ ആറ് വയസുകാരിയെ പിടികൂടി ഭക്ഷിച്ച പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.

👉കോന്നി അരുവാപ്പുലം ഊട്ടുപാറയിൽ പുലർച്ചെ രണ്ടിന് വീട്ടുമുറ്റത്ത് നിന്ന സഞ്ജു സാം എന്ന യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

👉ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. പരിയാരം കമ്പളത്ത് വീടുകളിൽ വെള്ളം കയറി.

 🌴കേരളീയം🌴

🙏 കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

🙏 കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെയും .എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

🙏 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍, ഷൗക്കത്ത് ഈ മാസം 27 ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. 27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയില്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.

🙏 വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്.

🙏 കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനര്‍. ‘മിസ്റ്റര്‍ ഗവര്‍ണര്‍, ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയില്‍ മതി, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്’ എന്നെഴുതിയ ബാനറാണ് കാര്യവട്ടം ക്യാമ്പസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്

🙏 മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഏറ്റവും ഓടുവില്‍ ലഭിച്ച ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

🙏 നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ കാര്‍ഡ് ഇറക്കി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നു. ബിജെപി വോട്ടുകളും കോണ്‍ഗ്രസിലേക്ക് പോയി. സിപിഎം അനുഭാവി വോട്ടുകളില്‍ ഒരു ഭാഗം അന്‍വറിന് ലഭിച്ചിരിക്കാം.

🙏 കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ധനസഹായം നിഷേധിക്കുന്നതിനെതിരെ കേരളം നിയമപോരാട്ടത്തിലേക്ക്. പദ്ധതിയില്‍ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ച്ചു.

🙏രാജ്യം നടുങ്ങിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ നിന്ന് നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ അവശിഷ്ടങ്ങള്‍ പുന്നപ്പുഴയില്‍ നിന്ന് നീക്കാനുള്ള പദ്ധതിക്കാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കിയത്. 195.5 കോടി രൂപയുടേതാണ് കരാര്‍.

🙏 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹേമാ കമ്മറ്റിക്ക് മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

🙏 പാലക്കാട് നാട്ടുകല്ലിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലാണ് പ്രതിഷേധം നടന്നത്. സ്‌കൂള്‍ മാനേജ്മെന്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി.

🙏 പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്മെന്റ്. സംഭവത്തില്‍ പൊലീസ് നിയമനടപടി ഉടന്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രതിഷേധക്കാര്‍ അറിയിച്ചു.

🙏 നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. ആദിവാസി വിഭാഗത്തില്‍പെട്ട ബില്ലിയാണ് മരിച്ചത്. പുഴയില്‍ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാല്‍ പൊലീസിന് സ്ഥലത്തെത്താന്‍ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യത്തെ മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം കോഴിക്കോട് റീജീയണല്‍ പാസ്പോര്‍ട്ട് ഓഫീസിന് ലഭിച്ചു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം കേന്ദ്രവിദേശകാര്യസഹമന്ത്രി പാബിത്ര മാര്‍ഗരിറ്റയില്‍ നിന്ന് റീജീയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ അരുണ്‍ മോഹന്‍ ഐഐഎസ് ഏറ്റുവാങ്ങി.

🙏 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും. എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്കാകും അമേരിക്കന്‍ നിര്‍മിത എഫ്-35 മാറ്റുക. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി പ്രത്യേകസംഘം യുകെയില്‍ നിന്ന് എത്തിയാലുടന്‍ വിമാനം ഹാംഗറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ വക്താവ് അറിയിച്ചു.

🙏 ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനം. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേരെ കാണാതായി. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു. കുളുവില്‍ കാറുകളും ട്രക്കുകളും ഒഴുക്കില്‍പ്പെട്ടു. കുളുവിലെ ജീവന്‍ നള്ള, രെഹ്ല ബിഹാല്‍, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്.

🙏 ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിന്റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍, പറക്കാന്‍ ആരോടും അനുവാദം ചോദിക്കരുതെന്നും ആകാശം ആരുടേതുമല്ലെന്നുമെഴുതിയ പക്ഷിയുടെ ചിത്രം സമൂഹമാധ്യമ പേജില്‍ പങ്ക് വച്ച് തരൂര്‍ ഒളിയമ്പെയ്തു.

🙏 2019ല്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ പാകിസ്ഥാനി താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ ആറാം കമാന്‍ഡോ ബറ്റാലിയനിലെ സൈനികനാണ് മേജര്‍ സൈദ് മോയിസ്.

🙏 പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കാശ്മീര്‍ പോലീസ്. തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്താന്‍ പല തലങ്ങളിലായി ക്രമപ്പെടുത്തിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് മേധാവി അറിയിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏 അമേരിക്കയമായും ഇന്ത്യയുമായും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയിലാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സഹായത്തോടെ അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്താന്‍ രഹസ്യമായി വികസിപ്പിക്കുന്നുവെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

🙏 മോസ്‌കോ വിമാനത്താവളത്തിനുള്ളില്‍ ഗര്‍ഭിണിയായ അമ്മ പുഷ് ചെയര്‍ എടുക്കുന്നതിനിടെ ഒന്നര വയസ് മാത്രമുള്ള കുട്ടിയെ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ച് വിനോദസഞ്ചാരി. മോസ്‌കോയിലെ ഷെറെമെറ്റിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

🙏 ഇറാനിലെ ആണവ നിലയങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ 1945ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയും നാഗസാക്കിയിലുമുണ്ടായ ആണവ ബോംബാക്രമണവുമായി താരതമ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഇത്തരമൊരു ആക്രമണമാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്നും നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.

🙏 ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

🙏 യുഎസ് ആക്രമണത്തില്‍ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗെയി. നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറാകാഞ്ഞ ബാഗെയി, യുഎസ് ആക്രമണത്തില്‍ ആണവനിലയങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്നത് യാഥാര്‍ഥ്യമാണെന്ന് പറഞ്ഞു.

🙏 ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി ഷാദെമാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. കഴിഞ്ഞയാഴ്ച നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റാണ് അലി ഷാദെമാനി മരിച്ചതെന്ന് ഇറാന്‍ ഇന്നലെ സ്ഥിരീകരിച്ചു.

Advertisement