തിരുവനന്തപുരം. ഭാരതാംബ വിവാദം തെരുവിലേക്ക് കൂടി വ്യാപിക്കുന്നതോടെ സർക്കാർ – രാജ്ഭവൻ ബന്ധവും കൂടുതൽ വഷളാവും. നിലപാടിൽ നിന്ന് ഒരല്പം പോലും പുറകോട്ടില്ല എന്ന സൂചനയാണ് ഗവർണർ ഇന്നലെ നൽകിയത്. അതിനിടെ ഔദ്യോഗിക പരിപാടികളിൽ അനൗദ്യോഗിക ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് എന്ന് സർക്കാർ രാജ്ഭവനെ അറിയിക്കും.
ആരിഫ് മുഹമ്മദ്ഖാനുമായി ഉടക്കി സകല പരിധിയും ലംഘിച്ച് പിള്ളേരെ വരെ നിരത്തിലിറക്കിയശേഷം ആര്‍ലേക്കറെത്തിയതോടെ സോപ്പിട്ടുകൂടെ നില്‍ക്കാനായിരുന്നു സര്‍ക്കാരിന്‍റെ ശ്രമം. എന്നാല്‍ അതിലും വലുതാണ് ഇതെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍. എത്രയൊക്കെ ന്യായം പറഞ്ഞാലും സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല. നിത്യവും പുതിയ പ്രശ്നങ്ങള്‍ ഉയിരെടുത്തുവരികയും ചെയ്യും.
കാവിക്കൊടിയേന്തിയ ഭാരതാംബയും അതിനെ ചൊല്ലിയുള്ള വിവാദവും തെരുവിലേക്ക് എത്തി. പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ വിവാദം സംസ്ഥാനത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയിൽ ഇപ്പോൾ ചൂടുള്ള ചർച്ച. പരിപാടികൾ ബഹിഷ്കരിച്ചും, വിയോജിപ്പറിയിച്ചു മായിരുന്നു സർക്കാരിൻ്റെ പ്രതിരോധം. ബഹിഷ്കരിക്കുന്തോറും രാജഭവനും നിലപാട് കടുപ്പിച്ചു. ഇന്നലെ കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധത്തോടെ വിവാദം പുതിയ തലത്തിലാണ്. എസ്.എഫ്.ഐക്ക് പുറമേ കെ.എസ്.യുവും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഗവർണർ പങ്കെടുക്കുന്ന പരിപാടികൾ സംഘർഷഭരിതമായേക്കും. ഔദ്യോഗിക പരിപാടികളിൽ അനൗദ്യോഗിക ചിഹ്നം വേണ്ട എന്ന ആവശ്യം സർക്കാർ രാജ്ഭവനെ അറിയിക്കും. നിലവിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവൻ ആവശ്യത്തിനു വഴങ്ങാൻ ഇടയില്ല. സർക്കാരിനെതിരായ യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു ഇന്നലത്തെ ഗവർണറുടെ പ്രസംഗം. സർവകലാശാല സെനറ്റ് ഹാൾ തന്നെ പരിപാടിക്കായി തിരഞ്ഞെടുത്തതും മനപ്പൂർവമാണെന്ന് വിലയിരുത്തലുണ്ട്. വിവാദം തുടരുന്നത് ഏത് നിലയിലാവും സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുക എന്നതാണ് ഇനി കാണേണ്ടത്.