കാസർഗോഡ്. മഞ്ചേശ്വരത്ത് ഉൾക്കടലിൽ ബോട്ട് കുടുങ്ങി. കൊല്ലത്ത് നിന്ന് ആറ് തൊഴിലാളികളുമായി മുംബൈയിലേക്ക് പുറപ്പെട്ട ടഗ് ബോട്ടാണ് ഉൾക്കടലിൽ കുടുങ്ങിയത്.
കോസ്റ്റ് ഗാർഡിന്റെ റെസ്ക്യൂ സംഘം തൊഴിലാളികളെ സുരക്ഷിതമായി കരക്കെത്തിച്ചു.
വലിയ കപ്പലുകളെ കടലിലേക്ക് ഇറക്കാനും, തകരാർ സംഭവിക്കുന്നവയെ വലിച്ചു നീക്കാനും ഒക്കെയാണ് ഇത്തരം വലിയ ടഗ് ബോട്ടുകൾ ഉപയോഗിക്കുക. കൊല്ലത്തുനിന്ന് മുംബൈയിലേക്ക് പോയ ടഗ് ബോട്ടാണ് മഞ്ചേശ്വരം ഭാഗത്ത് ഉൾക്കടലിൽ വച്ച് തകരാറിലായത്. ഷിറിയയിൽ നിന്ന് 6 നോട്ടിക്കൽ മൈൽ അകലെ വെച്ച് ബോട്ടിന്റെ സ്റ്റിയറിംഗ് കേടായി. മുന്നോട്ടുപോകാൻ കഴിയാതെ വന്നതോടെയാണ് തൊഴിലാളികൾ കോസ്റ്റ് ഗാഡിനെ വിവരം അറിയിച്ചത്.
കോസ്റ്റ്ഗാർഡിന്റെ റെസ്ക്യൂ സംഘം സ്ഥലത്ത് എത്തി തൊഴിലാളികളെ സുരക്ഷിതമായി കരക്കെത്തിച്ചു. 10 നോട്ടിക്കൽ മൈൽ അകലേക്ക് ബോട്ട് നീക്കി. പക്ഷേ ശക്തമായ തിരമാലകളിൽ പെട്ട് ടഗ് ബോട്ട് കോയിപ്പാടി കടപ്പുറത്തിന് അരക്കിലോമീറ്റർ അകലെ വരെ എത്തി. ഇതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ ആയി.
ബോട്ടിനെ ഉടൻ നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സ്റ്റിയറിങ് തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകിയെന്നും ഉടൻ ബോട്ടിനെ മാറ്റുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.