തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് എസ്‌എഫ്‌ഐ, കെഎസ് യു പ്രതിഷേധം.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവർണർ രാജേന്ദ്ര ആർലേക്കറായിരുന്നു ഉദ്ഘാടകൻ. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് നീക്കംചെയ്തു.
സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘർഷമുണ്ടായി. കെഎസ് യു പ്രവർത്തകർ ഹാളിനകത്തേക്ക് തള്ളിക്കയറി. പിന്നീട് ഇവരെ പുറത്താക്കി പരിപാടി ആരംഭിച്ചു. പരിപാടി റദ്ദാക്കുന്നതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ അറിയിച്ചെങ്കിലും പിന്നാലെ ഗവർണർ വേദിയിലേക്ക് എത്തുകയായിരുന്നു. പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചിത്രം മാറ്റണമെന്ന് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്. അനില്‍കുമാറും എസ്‌എഫ്‌ഐയും ആവശ്യപ്പെട്ടിരുന്നു. ചിത്രം മാറ്റാതെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്നായിരുന്നു എസ്‌എഫ്‌ഐ നിലപാട്. എന്നാല്‍, ചിത്രം മാറ്റിയാല്‍ ഗവർണർ പരിപാടിക്ക് എത്തില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഘർഷസാധ്യത മുൻനിർത്തി വലിയ പോലീസ് വിന്യാസമായിരുന്നു പ്രദേശത്തുണ്ടായിരുന്നുത്. എസ്‌എഫ്‌ഐ പ്രവർത്തകരും ബിജെപി നേതാക്കളും പ്രദേശത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നായിരുന്നു പരിപാടിയുടെ സംഘാടകരുടെ നിലപാട്.
പരിപാടിക്ക് ശേഷം ഗവർണർ പുറത്തിറങ്ങുമ്പോള്‍ പ്രതിഷേധം ഉണ്ടാകുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പറഞ്ഞു. ഗവർണറുടെ വഴി തടയില്ല. പ്രതിഷേധം മാത്രമാണ്. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഒന്നാംതരം ആർഎസ്‌എസുകാരൻ ആണ്. പ്രതിഷേധിക്കുന്നു എന്ന് അറിഞ്ഞിട്ടും ഗവർണർ എത്തിയത് വെല്ലുവിളിക്കാനാണെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
പ്രതിഷേധം കണക്കിലെടുത്ത് ഗവർണർ പ്രധാന ഗേറ്റ് ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് മടങ്ങി പോയത്.