കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി. വേദിക്ക് പുറത്ത് ഇടത്- കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. അകത്ത് പ്രതിഷേധം വകവെക്കാതെ പരിപാടി നടക്കുകയാണ് ഇപ്പോള്‍.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളായ സിന്‍ഡിക്കേറ്റ് അംഗങ്ങളും എസ്എഫ്‌ഐ, കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയത്. ബിജെപി അനുകൂലികള്‍ മറുവശത്തും സംഘടിച്ചു. സെനറ്റ് ഹാളിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ വേദിയിലേക്ക് വരികയായിരുന്നു.
ചിത്രം മാറ്റണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന സര്‍വകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തിരുന്നു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. സര്‍വകലാശാലയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നാണ് ചട്ടമെന്നും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നുമാണ് ഇടത് പ്രവര്‍ത്തകരുടെ നിലപാട്. ഇടത് പ്രവര്‍ത്തകരും സിന്‍ഡിക്കേറ്റ് അംഗങ്ങളും അടക്കം സ്ഥലത്തെത്തി. സ്ഥലത്തുണ്ടായിരുന്ന ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ മറുവശത്തും സംഘടിച്ചു.
ആര്‍എസ്എസ് നേതാവ് കാ ഭാ സുരേന്ദ്രന്റെ പുസ്തക പ്രകാശനം ഈ ചടങ്ങില്‍ നടക്കുന്നുണ്ട്. ഹാള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ നിബന്ധനകള്‍ സംഘാടകരെ അറിയിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍ പ്രതികരിച്ചു.
































