ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള: ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി

Advertisement

കൊച്ചി: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി പരി​ഗണിക്കുന്നത് മാറ്റി. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 3 മാസമായി ടീസർ പുറത്തിറങ്ങിയിട്ട്. സ്ക്രീനിങ് കമ്മിറ്റി സിനിമ കണ്ടു. അവർ അംഗീകരിച്ചിരുന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. ഇപ്പോഴത്തെ നിലയിൽ മറ്റന്നാൾ സിനിമ റിലീസ് ചെയ്യാനാകില്ലെന്നും ഹർജിക്കാർ പറഞ്ഞു.

80 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. റിവൈസിങ് കമ്മിറ്റി വീണ്ടും സിനിമ കാണാൻ നിശ്ചയിച്ചിരിക്കുന്നത് നാളെയാണെന്നും ഹർജിക്കാർ പറയുന്നു. റീലിസിങ്ങിൽ തികഞ്ഞ അനിശ്ചിതത്വം ആണെന്നും ഹർജിക്കാർ വാദിച്ചു. വാദം കേട്ട കോടതി ഹർജി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം അന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. സെൻസർ ബോർഡ് നാളെ വീണ്ടും സിനിമ കാണുന്നുണ്ടല്ലോയെന്ന് ചോദിച്ച കോടതി, ആ തീരുമാനം കൂടി അറിഞ്ഞ ശേഷം ഹർജി പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും വ്യക്തമാക്കി. ഹർജിയിൽ സെൻസർ ബോർഡ് മറുപടി നൽകണമെന്നും ജസ്റ്റീസ് എൻ നഗ്രേഷ് ഉത്തരവിട്ടു.

Advertisement