പിശക് പറ്റിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം

174
Advertisement

തിരുവനന്തപുരം: പിശക് പറ്റിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ വിതരണം ചെയ്യാന്‍ പൊതു വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ പിശകുണ്ടായ സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, സംസ്ഥാന ഐടി സെല്‍ പ്രതിനിധി, സര്‍ക്കാര്‍ പ്രസ് പ്രതിനിധി എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഹയര്‍സെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് ഷാജിത, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ മാണിക്യരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നാലര ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റ് ഡാറ്റായാണ് പ്രിന്റിങ്ങിനായി നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റില്‍ നാലാമതായി വരുന്ന വിഷയത്തില്‍ ഒന്നും രണ്ടും വര്‍ഷത്തില്‍ വ്യത്യസ്ത മാര്‍ക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആണ് പിശക് ഉണ്ടായിട്ടുള്ളത്.
പിശക് പറ്റിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ അവ തിരികെ വാങ്ങി പുതിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. പിശക് പറ്റിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി സ്‌കൂളുകളില്‍ സൂക്ഷിക്കേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

Advertisement