ഇടുക്കി. ചെല്ലാർകോവിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിൻ്റെ സംസ്കാരം ഉടൻ നടക്കും. കുവൈത്തിൽ പെട്ടു പോയ അമ്മ ജിനു നാട്ടിൽ തിരിച്ചെത്തിയതോടെയാണ് സംസ്കാരം ഇന്ന് നടത്താൻ തീരുമാനിച്ചത്.
ചേതനയേറ്റ ഷാനറ്റിന്റെ മൃതദേഹം തണുത്തുറഞ്ഞ് ഒരാഴ്ചയായി മോർച്ചറി മുറിയിലായിരുന്നു. അമ്മ ജിനുവിന്റെ വരവും കാത്ത്. മലയാളി ഏജൻറ് മാരുടെ ചതിയിൽപ്പെട്ട് കുവൈറ്റിൽ തടങ്കലിൽ ആയിരുന്ന ജിനു ഇന്നലെ വൈകിട്ട് നാട്ടിലെത്തി. മകൻറെ മരണത്തേക്കാൾ വലിയ വേദന ആ അമ്മയ്ക്ക് ഇനി ഉണ്ടാകാനില്ല. രാവിലെ 10 മണിയോടെ ഷാനറ്റിൻ്റെ മൃതദേഹം അണക്കരയിലെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെല്ലാർകോവിൽ ഉണ്ടായ വാഹനാപകടത്തിൽ ഷാനറ്റും, സുഹൃത്ത് അലനും മരിച്ചത്. മാതാവ് ജിനു നാട്ടിലെത്താൻ വൈകിയതോടെ ഷാനറ്റിൻ്റെ സംസ്കാര ചടങ്ങുകൾ വൈകി. കുവൈറ്റിൽ കുടുങ്ങിയ ജിനുവിനെ കേരളത്തിൽ നിന്നുള്ള എംപിമാരും, കുവൈറ്റ് മലയാളി അസോസിയേഷനും ചേർന്നാണ് നാട്ടിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് അണക്കര ഏഴാംമൈൽ ഒലിവുമല യാക്കോബായ പള്ളിയിൽ ഷാനറ്റിന്റെ സംസ്കാരം നടക്കും.