തൃശ്ശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം.
വാഴച്ചാൽ വനം ഡിവിഷനിലെ കാരാംതോട് വച്ചാണ് സംഭവം.
സംഘത്തിലെ ഇരിങ്ങാലക്കുട സ്വദേശി മനുവിന് ആനയുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 7 പേരിടുന്ന സംഘമാണ് ട്രക്കിങ്ങിനു പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് ആനകൾ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയിൽ മനുവിനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. പാറപ്പുറത്ത് വീണ യുവാവിനെ ചുമന്ന് വാഹനം എത്തുന്ന ഇടത്തേക്ക് എത്തിച്ചു. അവിടെനിന്ന് വനം വകുപ്പിന്റെ ജീപ്പിൽ പെരിങ്ങൽകുത്ത് ഡാമിന് മുകളിലേക്കും, ശേഷം ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി.