മൂന്ന് പഞ്ചായത്തുകളിൽ ലീഡ് കിട്ടും, എം സ്വരാജ് നിയമസഭയിലെത്തും; കണക്കുകൾ നിരത്തി ബിനീഷ് കോടിയേരി

390
Advertisement

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയം നേടുമെന്ന് കണക്കുകൾ നിരത്തി ബിനീഷ് കോടിയേരി.

നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടുകളുടെ ബലാബലം കണക്കാക്കിയാണ് ബിനീഷിന്റെ പ്രവചനം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് മുന്‍കൈ നേടും. മണ്ഡലത്തിലെ വോട്ടെണ്ണല്‍ പോത്തുകല്ല് പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുതല്‍ എല്‍ഡിഎഫ് മുന്നേറ്റം ആരംഭിക്കും എന്നും ബിനീഷ് അവകാശപ്പെടുന്നു.

ചുങ്കത്തറയില്‍ ശക്തമായ പോരാടം നടക്കും. നിലമ്പൂര്‍ നഗരസഭയിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായാല്‍ ചിത്രം എല്‍ഡിഎഫിന് അനുകൂലമാകും. പതിനഞ്ചാം റൗണ്ട് മുതലുള്ള ബൂത്തുകള്‍ എണ്ണുന്നതോടെ എല്‍ഡിഎഫ് ജയ സാധ്യതയുടെ കിരണങ്ങള്‍ കണ്ട് തുടങ്ങും. കരുളായി പഞ്ചായത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടും. ഈ സാധ്യതകള്‍ യഥാര്‍ത്ഥ്യത്തിലേക്കെത്തിയാല്‍ കരുളായിലെയും, അമരമ്പലം, പോത്തുകല്ല് പഞ്ചായത്തിലെ ലീഡിന്റെ പിന്‍ബലത്തില്‍ സഖാവ് എം സ്വരാജ് നിലമ്പൂരില്‍ നിന്ന് നിയമസഭയില്‍ എത്തും ബിനീഷ് പറയുന്നു.

നാളത്തെ വോട്ടെണ്ണലിന്റെ സാധ്യതകള്‍ നമുക്കൊന്ന് പരിശോധിക്കാം.

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം നാല് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാലും ഇടിപിബിഎസ് പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളുമാണ് ക്രമീകരിച്ചിട്ടുള്ളത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും.

ആദ്യം എണ്ണി തുടങ്ങുക വഴിക്കടവ് പഞ്ചായത്തിലെ 1 മുതല്‍ 46 വരെയുള്ള ബൂത്തുകള്‍ ഈ പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് ചെയ്യാനാണ് സാധ്യത.

അത് കഴിഞ്ഞ് എണ്ണി തുടങ്ങുന്നത് മൂത്തേടം പഞ്ചായത്തിലെ 47 മുതല്‍ 70 വരെയുള്ള ബൂത്തുകളാണ് അവിടെയും യുഡിഎഫ് ലീഡ് നേടാന്‍ ആണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് എടക്കര പഞ്ചായത്തിലെ 71 മുതല്‍ 97 വരെ ബൂത്തുകള്‍ അവിടെയും യുഡിഎഫ് ചെറിയ ലീഡ് നേടാന്‍ ആണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് പോത്തുകല്ല് പഞ്ചായത്തിലെ 98 മുല്‍ 126 വരെ ബൂത്തുകളാണ്. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫ് വോട്ട് ലീഡ് നേടാന്‍ സാധ്യതയുള്ള പഞ്ചായത്താണ്.

അതിനുശേഷം എണ്ണുന്നത് ചുങ്കത്തറ പഞ്ചായത്തിലെ 127 മുതല്‍ 161 വരെ ബൂത്തുകളാണ്. അവിടെ യുഡിഎഫ് ഒരു ചെറിയ ലീഡ് അല്ലെങ്കില്‍ ഒപ്പത്തിനൊപ്പം എന്നതിനാണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ വോട്ടുകളാണ് 162 മുതല്‍ 209 ബൂത്തുകളാണ്. അപ്പോള്‍ 12 റൗണ്ടുകള്‍ കഴിഞ്ഞിരിക്കും ഈ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ സമയമായിരിക്കും അത്. 12 റൗണ്ട് വരെ ലീഡ് ചെയ്തുകൊണ്ടിരുന്ന യുഡിഎഫ് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ വോട്ട് എണ്ണുന്നതോടുകൂടി അവരുടെ ലീഡ് നില കുറഞ്ഞ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ 209 വോട്ട് എണ്ണി കഴിയുമ്പോള്‍ എല്‍ഡിഎഫ് ചെറിയ ലീഡിലേക്ക് കടന്നിരിക്കും അതിനാണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് കരുളായി പഞ്ചായത്തിലെ 210 മുതല്‍ 228 വരെയുള്ള ബൂത്തുകള്‍. അതായത് പതിനഞ്ചാം റൗണ്ട് മുതലുള്ള ബൂത്തുകള്‍. ജയ സാധ്യതയുടെ കിരണങ്ങള്‍ ആരംഭിക്കുക യഥാര്‍ത്ഥത്തില്‍ ഇവിടെ നിന്നായിരിക്കാം

കരുളായി പഞ്ചായത്തില്‍ വ്യക്തമായ ലീഡ് എല്‍ഡിഎഫ് നേടിയിരിക്കും.

അതിനുശേഷം എണ്ണുന്നത് അമരമ്പലം പഞ്ചായത്തിലെ 229 മുതല്‍ 263 വരെയുള്ള ബൂത്തുകള്‍. സിപിഐഎമ്മിന്റെ ഉരുക്കുകോട്ട യുഡിഎഫ് കണക്കില്‍ പോലും അവര്‍ ലീഡ് ചെയ്യില്ലെന്ന് പറയുന്ന പഞ്ചായത്ത്. ഈ സാധ്യതകള്‍ യഥാര്‍ത്ഥ്യത്തിലേക്കെത്തിയാല്‍ കരുളായിലെയും, അമരമ്പലം, പോത്തുകല്ല് പഞ്ചായത്തിലെ ലീഡിന്റെ പിന്‍ബലത്തില്‍ സഖാവ് എം സ്വരാജ് നിലമ്പൂരില്‍ നിന്ന് നിയമസഭയില്‍ എത്തുമെന്നുമാണ് ബിനീഷ് കൊടിയേരി പറയുന്നത്.

Advertisement