കൊച്ചി. സംസ്ഥാനത്ത് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുകയാണ്. മാസങ്ങളുടെ വ്യത്യാസത്തിൽ 100 രൂപയിലധികമാണ് വെളിച്ചെണ്ണയ്ക്ക് കൂടിയത്. തേങ്ങയ്ക്കാകട്ടെ ഒറ്റ വർഷത്തിനിടയിൽ വില ഇരട്ടിയായി.
തേങ്ങയും വെളിച്ചെണ്ണയും ഇല്ലാതെ ഒരു മലയാളി അടുക്കള ചിന്തിക്കാൻ കഴിയുന്നതല്ല. പക്ഷേ സാധാരണക്കാർ ഇപ്പോൾ ഇത് രണ്ടും ഉപയോഗിക്കാൻ പലതവണ ചിന്തിക്കും. വില കുതിക്കുന്നത് മിസൈൽ വേഗത്തിൽ
ഇന്നലെ ഒറ്റ ദിവസം കൊണ്ട് വെളിച്ചെണ്ണയ്ക്ക് ക്വിൻ്റലിന് കൂടിയത് 1500 രൂപയാണ്. അതായത് ഒരു ലിറ്ററിന് 15 രൂപ കൂടി. ഈ വർഷം തുടങ്ങുമ്പോൾ വെളിച്ചെണ്ണ ലിറ്ററിന് ഉണ്ടായിരുന്നത് 240 രൂപയാണ്. ആറുമാസം പിന്നിടുമ്പോൾ ഇന്നത്തെ വില 420 രൂപ. മാസം പത്തും പതിനഞ്ചും എന്ന കണക്കിനാണ് വില വർധന തുടങ്ങിയത്. ഇപ്പോൾ പ്രതിമാസം 50 രൂപയിൽ അധികമാണ് വർധന. കൊപ്ര ക്ഷാമമാണ് വിലവർധനയ്ക്ക് കാരണം. കേരളത്തിലെങ്ങും ഇപ്പോൾ തേങ്ങ കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ പ്രതിസന്ധിയും വർദ്ധിച്ചു.
കൂടംകുളം, കാങ്കയം , പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കൊപ്ര എത്തുന്നത്. മുൻപ് ആഴ്ചയിൽ 5 ടൺ കൊപ്ര വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നര ടൺ മാത്രമാണ് വരുന്നത്.
തേങ്ങയ്ക്കും പൊള്ളുന്ന വിലയാണ്. 70 മുതൽ 80 വരെയാണ് വില. പൊറുതിമുട്ടിയത് സാധാരണക്കാരും.
ഓണത്തോടനുബന്ധിച്ച് വില 500 കടന്നേക്കാമെന്നാണ് വിലയിരുത്തൽ. ആറുമാസം കൂടി തേങ്ങയുടെയും എണ്ണയുടെയും വില മുകളിലേക്ക് തന്നെയാവും.