നടന്‍ ജഗതി ശ്രീകുമാറിനെ യാത്രയ്ക്കിടെ കണ്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് നടനെ കണ്ടുമുട്ടിയതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ചിത്രത്തില്‍നിന്ന് മനസിലാകുന്നത്.
‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു’, പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
2012-ലെ വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാര്‍ പൂര്‍ണ്ണമായും അതിന്റെ ആരോഗ്യപ്രശ്നങ്ങളില്‍നിന്ന് മുക്തനായിട്ടില്ല. അപകടത്തെത്തുടര്‍ന്ന് അദ്ദേഹം സിനിമകളില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് ജഗതി ശ്രീകുമാര്‍ പൊതുവേദികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 2022-ല്‍ ‘സിബിഐ 5: ദി ബ്രെയിന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ‘ഗഗനചാരി’ സിനിമയുടെ സംവിധായകന്‍ അരുണ്‍ ചന്ദു ഒരുക്കുന്ന ‘വല’ എന്ന സിനിമയാണ് ജഗതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ അങ്കിള്‍ ലൂണ എന്നറിയപ്പെടുന്ന പ്രൊഫസര്‍ അമ്പിളി എന്ന കഥാപാത്രത്തേയാണ് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്നത്.