തിരുവനന്തപുരം: ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ചിൽ സംഘർഷം.ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗാന്ധിചിത്രവും ഉയർത്തി, ’ഗവർണറെ ഭരണഘടന പഠിപ്പിക്കും’ എന്ന ബാനറുമായാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.പ്രവർത്തകർ രാജ്ഭവന് മുന്നിലെ കവടിയാർ – വെള്ളയമ്പലം റോഡ് ഉപരോധിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
രാജ്ഭവനിലെ ഓദ്യോഗിക പരിപാടിയിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വീണ്ടും ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിക്കെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഈ ചിത്രം വെച്ച നടപടിയിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിച്ചിരുന്നു. സർക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയാണിതെന്നും ഇത്തരം വേദിയിൽ രാഷ്ട്രീയചിഹ്നങ്ങൾ വെക്കരുതെന്നും ഗവർണറോട് വേദിയിൽവെച്ച് ആവശ്യപ്പെട്ടശേഷമാണ് മന്ത്രി വേദിവിട്ടിറങ്ങിയത്.