2025 ജൂൺ 20 വെള്ളി
BREAKING NEWS
👉ഇടുക്കി മറയൂർ ചട്ട മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടാന പടയപ്പ ഇറങ്ങി
👉 ഇറാനിൽ നിന്നുള്ള 600 ഓളം വിദ്യാർത്ഥികളെ മഷ്ഹാദിൽ എത്തിച്ചു. ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു.
👉മലപ്പുറം എം എസ് പി സ്ക്കൂളിൽ വിദ്യാർത്ഥിയെ വാഹനം ഇടിച്ച സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ് റദ്ദാക്കി എം വി ഡി.
👉 കണ്ണൂർ കായലോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പെൺകുട്ടിയുടെ കുടുംബം.
👉 ഉപതെരഞ്ഞെടുപ്പ് വിലയിരുത്താൻ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്
👉 ഭാരതാംബ വിവാദം: രാജ്ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് ഇന്ന്
🌴 കേരളീയം 🌴
🙏 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം 74.35 ശതമാനമാണ് പോളിംങ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതമാനവുമായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.
🙏 രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടന ലംഘനമാണെന്നും രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
🙏 ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോണ്‍ഗ്രസ്. പാര്‍ട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂര്‍ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നല്‍കിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നല്‍കിയ 40 പേരുടെ താര പ്രചാരക പട്ടികയില്‍ എട്ടാമനാണ് ശശി തരൂര്‍.
🙏 പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ ഇന്ന് തുറക്കും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്ന് പരമാവധി 20 സെന്റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
🙏 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍.
🙏 കൊച്ചിയില്‍ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യവുമായി സിപിഎം ജാഥയില്‍ ബഹളമുണ്ടാക്കിയ 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെര്‍ണാണ്ടസിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
🙏 കല്പറ്റയില്‍ പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. സിബിഐ കേസ് ഏറ്റെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല.
🙏 പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിന്റെ പിന്നിലെ പറമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
🙏 2025 എസ്എസ്എല്‍സി സേ പരീക്ഷാഫലവും ടിഎച്ച്എസ്എല്‍സി സേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി സേ പരീക്ഷാഫലം sslcexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി സേ പരീക്ഷാഫലം thslcexam.kerala.gov.in ലും ലഭ്യമാകും.
🙏 പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിന്റെ ജീവിതം തകര്‍ത്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചി വിറ്റുവെന്ന പേരില്‍ ചാലക്കുടി സ്വദേശി സുജേഷ് കണ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് 39 ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷം ഫോറന്‍സിക് പരിശോധനയിലാണ് മാംസം പോത്തിന്റേതാണെന്ന് കണ്ടെത്തിയത്. . മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.
ദേശീയം
🙏 ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ജൂണ്‍ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ ആക്സിയം 4 ദൗത്യം ജൂണ്‍ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.
🙏 ആഗോളതലത്തിലെ മികച്ച സര്‍വകലാശാലകളുടെ ക്യുഎസ് ലോക റാങ്കിങ്ങില്‍ ഇന്ത്യയിലെ 54 സര്‍വകലാശാലകള്‍. ലോകത്തെ മികച്ച 1501 സര്‍വകലാശാലകളുടെ പട്ടികയില്‍ 192 എണ്ണമുള്ള യുഎസിനും 90 എണ്ണമുള്ള യുകെക്കും 72 എണ്ണമുള്ള ചൈനയും കഴിഞ്ഞാല്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രാതിനിധ്യം ഇന്ത്യക്കാണ്.
🙏 അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിന്‍ പരിശോധനകള്‍ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാര്‍ച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്.
🙏 മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 25 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഉയര്‍ന്ന വീര്യമുള്ളതാണ് ഹൈബ്രിഡ് കഞ്ചാവ്.
🙏 വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി പട്ന. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് ആദ്യമായി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്.
🙏ഭാഷകളെച്ചൊല്ലി
യുള്ള തര്‍ക്കങ്ങള്‍ക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഉടന്‍തന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാള്‍ അവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
🙏 നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി കാണാതെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമായി കാണണമെന്ന് അദേഹം അഭിപ്രായപ്പെടുന്നു.
🙏 ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തേ തുടര്‍ന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷന്‍ സിന്ധു’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്തർദേശീയം
🙏 ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഇന്ധന ദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് എണ്ണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍ വിതരണമാര്‍ഗ്ഗമായ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
🙏 ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. കൊല്ലുന്നത് നിര്‍ത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ടുഡേഹ് പാര്‍ട്ടിയും ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇസ്രായേലും സംയുക്ത കുറിപ്പ് പുറത്തിറക്കിയത്.
🙏 ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റഷ്യയുടെ ഇടപെടല്‍.
🙏 ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്‌സ് ഇന്നലെ പ്രസ്താവിച്ചു.
🙏 ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. ഇന്ന് ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
🙏 പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ക്കും അത്യാധുനിക മിസൈലുകള്‍ക്കും പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക.
🙏 ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്.
🏏 കായികം 🏏
🙏 ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ലീഡ്‌സില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നര മുതലാണ് മത്സരം. മുന്‍ നായകന്മാരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ താരങ്ങള്‍ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്.
🙏 ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സായ് സുദര്‍ശന്‍, യശ്വസി ജയ്‌സ്വാള്‍, കെഎഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ് തുടങ്ങിയ യുവ നിരയാണുള്ളത്.
🙏 അഞ്ച് മത്സരങ്ങളടങ്ങിയ ഈ പരമ്പരയോടെ ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളിനും തുടക്കമാകും.









