സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം. പത്തനംതിട്ടയിലും കോഴിക്കോടും രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.
വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദപാത്തി രൂപപ്പെട്ടു.ജാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.
രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു.കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ട്.ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളത്തോടെ മഴയുടെ തീവ്രത കുറയും.ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
മഴക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.
പത്തനംതിട്ടയിലും കോഴിക്കോടും രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് വടകരയിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥി
കുളത്തിൽ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത് .നീന്താൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയാണ് സഹൽ. പത്തനംതിട്ട ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കുളിക്കുന്നതിനിടെ കാണാതായ ജെറോം ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ജെറോം അപകടത്തിൽപ്പെട്ടത്.