ഏകീകൃതകുർബാന നടത്തണമെന്ന് ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം

17
Advertisement

കൊച്ചി. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃതകുർബാന നടത്തണമെന്ന് ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്കും സഭാസ്ഥാനത്തേക്കുമാണ് വിശ്വാസികൾ കുരിശേന്തി പ്രതിഷേധിച്ചത്. ഇന്ന് നടക്കുന്ന വൈദിക സമിതി കാനോനിക നിയമങ്ങൾക്കെതിരാണെന്നും മാർ റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിയും സഭയെ പിളർത്താൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

നാളുകളായി തുടരുന്ന ഏകീകൃതകുർബാന തർക്കത്തിൽ പരിഹാരമില്ലാതെ എറണാകുളം അങ്കമാലി അതിരൂപത. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാലാരിവട്ടം റിന്യൂവൽ സെന്ററിൽ ഏകീകൃത കുർബാനയ്ക്കെതിരെ നിൽക്കുന്ന വൈദികരെ ചേർത്തുകൊണ്ട് വൈദിക സമിതി നടക്കുന്നതിനിടെയാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധത്തിന് ഇറങ്ങിയത്.

പ്രതിഷേധക്കാരെ അതിരാവിലെ തന്നെ സെന്റ് തോമസ് മൗണ്ടന്റെ ഗേറ്റിൽ പോലീസ് തടഞ്ഞു. വൈദിക സമിതിയിൽ ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന ഒരു വിഭാഗം വൈദികർ വിട്ടുനിൽക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ ഭാഗമായാണ് പ്രതിഷേധം. കൂരിയ പിരിച്ചുവിടുവാനുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്ന് പ്രതിഷേധക്കാർ. നിലവിൽ വത്തിക്കാനിൽ അടക്കം വിഷയത്തിൽ പരാതി ചെന്നിട്ടുണ്ട്.

Advertisement