കൊച്ചി. കേരള തീരത്തുണ്ടായ കപ്പൽ അപകടങ്ങളിൽ കമ്പനിയുമായി ചർച്ച നടത്തുന്നു എന്ന സംസ്ഥാന സർക്കാർ നിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി.നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു.ചർച്ചകൾ നടത്തി വിഷയം സങ്കീർണ്ണമാക്കേണ്ട എന്നും കോടതി നിർദ്ദേശിച്ചു. അതെ സമയം കപ്പലപകടത്തിൽ കണ്ടെയിനറുകൾ കരയ്ക്കടിഞ്ഞ ജില്ലകളിലെ കളക്ടർമാർ വഴി അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാൻ സർക്കാരും ആലോചന ആരംഭിച്ചു. കേസന്വേഷണ ചുമതല തീരദേശ ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനും കൈമാറി
എം എസ് സി എൽസ, വാൻഹായി കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് നഷ്ടപരിഹാരത്തിന് ചർച്ചകൾ നടക്കുന്നു എന്ന വിവരം സർക്കാർ ഹൈക്കോടതിയെ അറിയച്ചത്. ഇതിനായി കമ്മിറ്റി രൂപീകരിച്ചതായും സർക്കാർ വ്യക്തമാക്കി. ഇതോടെയാണ് നഷ്ടപരിഹാരത്തിനായി എന്ത് കൊണ്ട് കോടതിയെ സമീപിച്ചില്ല എന്നും, ചർച്ചകളിൽ സുതാര്യത ഉണ്ടോ എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചത്. നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനും, ചർച്ചകൾ നടത്തി വിഷയം സങ്കീർണ്ണമാക്കേണ്ട എന്നും കോടതി പറഞ്ഞു.ഹർജി വീണഅടും പരിഗണിക്കുന്നതിനായി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. അതെ സമയം കപ്പലപകടത്തിൽ അന്വേഷണം തീരദേശ ഐ ജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് സർക്കാർ കൈമാറി. വിവിധ കോസ്റ്റൽ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവുക. അപകടത്തിൽ നഷ്ടപരിഹാരം ഈടാക്കാൻ കണ്ടെയിനറുകൾ കരയ്ക്കടിഞ്ഞ ജില്ലകളിലെ കളക്ടർമാർ വഴി ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യാനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി തല ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഹൈക്കോടതി അനിഷ്ടം പ്രകടിപ്പിച്ച സാഹചര്യത്തിൽ കപ്പലടപകട വിഷയത്തിൽ ഇനി സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്.