കണ്ണൂർ. കായലോട് സദാചാര ഗുണ്ടായിസം നേരിട്ട യുവതി ജീവനൊടുക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ മുബഷീർ, ഫൈസൽ, റഫ്നാസ് എന്നിവരാണ് അറസ്റ്റിലായത്. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തത്
ഈ കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടാണ് കേസിനാധാരമായ സംഭവം. അച്ചങ്കര പള്ളിക്ക് സമീപം കാറിൽ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പമാണ് റസീനയെ കണ്ടത്. പ്രതികളെത്തി ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നാണ് റസീനയുടെ ആത്മഹത്യ കുറിപ്പിലെ പരാമർശം. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും, മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെ ചൊവ്വാഴ്ച്ചയാണ് റസീനയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്