നിലമ്പൂർ: യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പിവി അൻവർ.
വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫില്‍ നിന്ന് 35 % വോട്ടും ലഭിക്കും. 75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങള്‍ രണ്ട് മുന്നണികളും അവഗണിച്ചു. 2016ല്‍ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തില്‍ താൻ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തില്‍ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് ബന്ധപ്പെടാൻ മൂന്നു മൊബൈല്‍ നമ്പർ നല്‍കിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരില്‍ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു.
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകള്‍ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 23 നാണ് വോട്ടെണ്ണൽ.