2025 ജൂൺ 19 വ്യാഴം
BREAKING NEWS
👉യു എസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ
മലയാളി പർവതാരോഹകൻ ഷേഖ് ഹസൻ ഖാൻ മലയിറങ്ങി തുടങ്ങി
👉പാലക്കാട് മുണ്ടൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
👉രാഷ്ട്രിയ കേരളം ശ്രദ്ധിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് തുടങ്ങി

👉10 മണി വരെ 13.25 ശതമാനം പോളിംഗ്, പോളിംഗ് ശതമാനം ഉയർന്നേക്കുമെന്ന് സൂചന
👉ഇസ്രായേലിലേക്ക് ബാലിസ്റ്റിക്ക് മിസൈൽ തൊടുത്ത് ഇറാൻ
👉ഇറാൻ്റെ ദേശീയ സുരക്ഷാകേന്ദ്രം ആക്രമിച്ച് ഇസ്രായേൽ

🌴കേരളീയം🌴
🙏 കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ 16 വരെ 730 ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
🙏 സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്നും സ്ത്രീകള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം.

🙏 സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ വെള്ളക്കെട്ടിലകപ്പെട്ട കുട്ടനാട് താലൂക്കില്‍ ഇന്നും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ഈ അധ്യയന വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടമായ താലൂക്കാണ് കുട്ടനാട്. പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
🙏 വയനാട് തുരങ്കപാത പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതി സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറങ്ങി. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നല്‍കിയിരിക്കുന്നത്. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാന്‍ വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിജ്ഞാപനം വന്നതോടെ ഇനി കരാര്‍ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും.

🙏 180 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്ന 2.7 കിലോമീറ്റര്‍ നീളത്തിലുള്ള ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനും ആംബുലന്‍സ് സര്‍വീസിനും റോപ് വേ ഉപയോഗിക്കാനാകും.
🙏 മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ പര്‍വതത്തില്‍ കുടുങ്ങിയ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി. അമേരിക്കയിലെ എംബസിയുമായും ബന്ധപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം എംപിയുടെ കത്തിന് മറുപടി നല്‍കി.

🙏 സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമുണ്ടെങ്കിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനാല്‍ വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പ്രളയ സാധ്യത മുന്നറിയിപ്പ് പുതുക്കിക്കൊണ്ടാണ് നദി തീരത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട മണിമലയില്‍ ഓറഞ്ച് അലര്‍ട്ടും കരമന, അച്ചന്‍കോവില്‍, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാല്‍ തുടങ്ങിയ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലവിലുണ്ട്.
🙏 ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവില്‍ ലഭ്യമായ സ്പെയര്‍ ബസുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി.കല്ല്യാണങ്ങള്‍ക്കും സ്വകാര്യപരി പാടികള്‍ക്കുമായുള്ള ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ക്ക് നിരക്ക് കുറച്ച് നല്‍കാനാണ് തീരുമാനമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ 4 വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെയുള്ള ബസുകളാണ് ഇങ്ങനെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
🙏 കണ്ണൂരില്‍ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനാണ് പേവിഷബാധയുണ്ടായത്. മെയ് 31ന് പയ്യാമ്പലത്ത് വച്ച് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വലത് കണ്ണിനും ഇടതുകാലിലുമാണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിനെടുത്തു. കുട്ടി ഇപ്പോള്‍ പരിയാരത്ത് ചികിത്സയിലാണ്.

🙏 സ്‌കൂള്‍ സമയമാറ്റം വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്നും പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണജനകമാണെന്നും സംഘടന വ്യക്തമാക്കി. ജൂണ്‍ 11ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ദേശീയം
🙏 വോട്ടര്‍ ഐഡി കാര്‍ഡുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പുതിയ പേര് ചേര്‍ക്കല്‍ നിലവിലെ വിവരങ്ങളുടെ പുതുക്കല്‍ തുടങ്ങിയവയ്ക്കുശേഷം പുതിയ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഇനി 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും.വോട്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട സേവനവും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയും ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയത്.

🙏 അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് അതേ വിമാനപകടത്തില്‍ മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ബ്രിട്ടീഷ് പൗരത്വം ലഭിച്ച വിശ്വാസ്‌കുമാറും സഹോദരനായ അജയ് കുമാറും ഇന്ത്യയിലുള്ള സന്ദര്‍ശിക്കാനെത്തി തിരിച്ച് ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
🙏 ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ ഗതിയിലാകുന്നു. കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ നടന്ന ജി7 വേദിയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായത്.

🙏 കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തു. കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതല്‍ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
🙏 ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന് പിന്നില്‍ താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനെ താന്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗംഭീര വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലും അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചതായും ട്രംപ് പറഞ്ഞു.

🙏 പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ കാരണം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കുവൈത്ത് എയര്‍വേയ്‌സ് ശനിയാഴ്ച നിരവധി ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ റദ്ദാക്കി. അമ്മാനിലേക്കും തിരിച്ചുമുള്ള വിമാനവും ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള വിമാനവുമാണ് റദ്ദാക്കിയതെന്ന് ദേശീയ വിമാനക്കമ്പനി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
🙏 പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധൂനദീജലക്കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് സിന്ധു നദിയില്‍ നിന്ന് പാകിസ്ഥാനിലേക്ക് വെള്ളം തുറന്നുവിടുന്നതില്‍ കുറവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സിന്ധു നദീതട അതോറിറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

🙏 ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീറിന് നിര്‍ണായക സന്ദേശം കൈമാറി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്‌കിയാന്‍. ഇറാന്‍ അംബാസഡര്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറിയത്.
🙏 അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിലെ പാക് പ്രവാസികളുടെ പ്രതിഷേധം. അസിം മുനീര്‍ താമസിച്ചിരുന്ന ഫോര്‍ സീസണ്‍സ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ പാകിസ്ഥാന്‍ പ്രവാസികള്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
🙏 അഹമ്മദാബാദിലു
ണ്ടായ വിമാനാപകടത്തില്‍ മരിച്ച 202 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങള്‍ക്ക് കൈമാറിയത്. 242 പേര്‍ സഞ്ചരിച്ച വിമാനത്തിലെ 241 പേരും കൊല്ലപ്പെട്ടിരുന്നു.10 മൃതദേഹങ്ങള്‍ കൂടി കുടുംബങ്ങളിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

അന്തർദേശീയം
🙏 ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ 110 ഇന്ത്യാക്കാരാണുള്ളത്. ജമ്മു കശ്മീര്‍ സ്വദേശികളാണ് ഇവരില്‍ കൂടുതലും.
🙏 ഇസ്രായേലുമായി സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്സ് ആപ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍ സര്‍ക്കാര്‍. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വാട്സ് ആപ് നീക്കം ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്സ്ആപ്പ്.

🙏 ഇറാനെതിരായ ആക്രമണത്തിനുള്ള സൈനിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതുവരെ അന്തിമ ഉത്തരവ് നല്‍കിയിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാന് അവരുടെ ആണവ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
🙏 ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് സൈനിക സഹായം നല്‍കരുതെന്ന് അമേരിക്കയോട് റഷ്യ. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് മുന്നറിയിപ്പ് നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.
🙏 ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാന്‍. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാന്‍ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. ഇറാന്‍ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്.

🙏 ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും ഇ3 രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, യുകെ. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ഇറാന്റെ ആണവ സമ്പുഷ്ടീകരണം സിവിലിയന്‍ ആവശ്യങ്ങള്‍ക്കും അപ്പുറമാണെന്നും മൂന്ന് രാഷ്ട്രങ്ങളും വ്യക്തമാക്കി.