എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി

Advertisement

ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി. എടിഎം വഴി കിട്ടുന്നതില്‍ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാര്‍ക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.
എടിഎമ്മുകളില്‍ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയപരിധി നല്‍കിയത്. സെപ്റ്റംബര്‍ 30നകം എല്ലാ ബാങ്കുകളും എടിഎമ്മില്‍ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണം. മാര്‍ച്ച് 31 ഓടെ ഇത് 90 ശതമാനമാക്കണം. എടിഎമ്മുകളില്‍ പണം വെക്കുന്ന ‘കസറ്റു’കളില്‍ ഒന്നില്‍ വീതമെങ്കിലും പൂര്‍ണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.
ഇതോടെ ബാങ്കുകള്‍ എടിഎമ്മില്‍ പണം നിറക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി. സെപ്റ്റംബര്‍ 30 ആകാന്‍ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എടിഎമ്മുകളിലും 100, 200 നോട്ട് എത്തിയതായാണ് ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Advertisement