ബാലരാമപുരത്ത് രണ്ടരവയസുകാരിയുടെ കൊലപാതകം… കുറ്റപത്രം സമർപ്പിക്കാനിരിക്കെ പ്രതിയുടെ മൊഴി മാറ്റം

Advertisement

ബാലരാമപുരത്ത് രണ്ടരവയസുകാരിയായ ദേവേന്ദുവിന്‍റെ കൊലപാതകത്തിൽ മൊഴി മാറ്റി കേസിലെ പ്രതിയായ ഹരി കുമാർ. കേസിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയായ ദേവേന്ദുവിന്‍റെ അമ്മാവൻ ഹരികുമാറിന്‍റെ പുതിയ മൊഴി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ്  ഹരികുമാറിന്‍റെ പുതിയ വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.

ജയിൽ സന്ദര്‍ശനത്തിനെത്തിയ റൂറൽ എസ്‍പിക്കാണ് ഹരികുമാര്‍ മൊഴി നൽകിയത്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി നൽകിയത്. 

ഹരികുമാറിന്‍റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നൽകിയാൽ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്.

Advertisement