ആദിവാസി യുവതി സീത വനത്തിൽ വച്ച് മരിച്ചത് ആന ചവിട്ടിയല്ല, ഞെട്ടലോടെ അന്വേഷകര്‍

Advertisement

ഇടുക്കി. പീരുമേട്ടിൽ ആദിവാസി യുവതി വനത്തിൽ വച്ച് മരിച്ചതിൽ വഴിത്തിരിവ്. പ്ലാക്കത്തടം സ്വദേശി സീത കൊല്ലപ്പെട്ടത് കാട്ടാന അക്രമണത്തിൽ അല്ലെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. ക്രൂരമായ കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനു പോലീസ് നിരീക്ഷണത്തിലാണ്. സീതയുടെ മൃതദേഹം പീരുമേട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

ബിനു ഈ പറഞ്ഞപോലെ പോസ്റ്റുമോർട്ടം പരിശോധനയിൽ സീത വന്യമൃഗ ആക്രമണത്തിനിരയായതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. എന്നാൽ സീതയുടെ തല മരത്തിൽ ബലമായി ഇടിപ്പിച്ചതിന് സമാനമായ പരിക്കുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകൾ. കഴുത്തിനു ശക്തിയായി അമർത്തി പിടിച്ചതിന്റെയും, മുഖത്ത് രണ്ടു കൈകൊണ്ടും അടിച്ചതിന്റെയും ലക്ഷണം. മുൻപിൽ നിന്ന് ആക്രമണം നേരിട്ട് താഴേക്ക് മലർന്ന് പാറയുടെ മുകളിൽ വീണിട്ടുണ്ടാവാം. കാലിൽ പിടിച്ച് വലിച്ചിഴച്ചതിന്റെയും അടയാളങ്ങൾ. വാരിയല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തറച്ചുകയറി. നാഭിക്ക് തൊഴിയേറ്റ പരിക്കും ഉണ്ട്.  ഇതെല്ലാമാണ് കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചത്. കാട്ടാന അക്രമണത്തിൽ അല്ല സീത മരിച്ചതെന്ന സംശയം ഇന്നലെ തന്നെ ഉണ്ടായിരുന്നു എന്ന് കോട്ടയം ഡി എഫ് ഒ യും പറഞ്ഞു.

സീതയുടെ ഭർത്താവ് ബിനു കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ സംശയം. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്യും. ഇന്നലെ ഉച്ചയോടെയാണ് വന വിഭവങ്ങൾ ശേഖരിക്കാൻ പോയ സീത കാട്ടാന ആക്രമണത്തിൽ മരിച്ചു എന്ന വിവരം പുറത്തേക്ക് വരുന്നത്. എന്നാൽ ഇന്ന് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിലാണ് ഈ വഴിത്തിരിവ്.

Advertisement