സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വിവിധ ഇടങ്ങളിൽ നാശം

286
Advertisement

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വിവിധ ഇടങ്ങളിൽ വീടുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. എറണാകുളം കാക്കനാട് ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിൻ്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണ് ഒഴിവായത് വൻ ദുരന്തം.

ഇന്ന് പുലർച്ചെ 4.30 നാണ് കാക്കനാട് കുഴിക്കാല ജംഗ്ഷനിൽ അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്ന് കാർ പോർച്ചുൾപ്പടെ കെട്ടിടത്തിന് പൊട്ടൽ വീഴുകയായിരുന്നു. കാക്കനാട് കുഴിക്കാല സ്വദേശിയായ സാജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിലായത്. ശക്തമായ മഴപെയ്താൽ വീട് നിലം പൊത്താവുന്ന സ്ഥിതിയിലാണ് ഇപ്പോൾ.

തിരുവനന്തപുരം പെരുമാതുറയിലാണ് വീടിൻ്റെ മേൽപ്പുര തകർന്ന് റോഡിലേക്ക് വീണത്. തിരക്കേറിയ തീരദേശ പാതയിലാണ് ശക്തമായ കാറ്റിൽ മേൽക്കൂര നിലം പതിച്ചത്. അപകട സമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നു പോകാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. പെരുമാതുറ സ്വദേശി സീന റഷീദിന്റെ വീടിൻ്റ റൂഫ് ഷീറ്റാണ് തകർന്ന് റോഡിൽ വീണത്. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തിനു ശേഷമാണ് മേൽക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Advertisement