സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും കോട്ടയം എറണാകുളം ഇടുക്കി തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മുതൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതെയെന്ന് പ്രവചനം. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. തെക്കൻ ചൈന കടലിലെ വുടിപ്പ് ( WUTIP) ചുഴലിക്കാറ്റിൻ്റെയും
ബംഗാൾ ഉൾകടലിലെ ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുൻകൂർ പ്രവചന പ്രകാരം ജൂൺ 13 – 19 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴക്കാണ് സാധ്യത.