രഞ്ജിത യാത്രയായത് പൂവണിയാത്ത ഒരുപിടി സ്വപ്‌നങ്ങളുമായി….

878
Advertisement

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങള്‍ കൈപ്പാടകലെ എത്തി നില്‍ക്കുമ്പോഴാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായര്‍ അഹമ്മദാബാദിലെ വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. പുല്ലാട്ടെ കുടുംബവീടിന് സമീപം രഞ്ജിത സ്വന്തമായി പണിയുന്ന വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മാസത്തില്‍ വീട്ടില്‍ കയറി താമസിക്കാമെന്ന തീരുമാനത്തിലായിരുന്നു രഞ്ജിത എന്നാണ് സമീപവാസികള്‍ പറയുന്നത്. ഇതിനിടയില്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലി കൂടി കിട്ടിയതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു രഞ്ജിത. രഞ്ജിതയുടെ അമ്മയ്‌ക്കൊപ്പം നാട്ടിലാണ് ഇവരുടെ രണ്ട് മക്കളുള്ളത്.
നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വര്‍ഷം മുമ്പാണ് ലണ്ടനിലേയ്ക്ക് ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സ ഉള്‍പ്പെടെ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും രഞ്ജിതയാണ് വഹിച്ചിരുന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.

Advertisement