2025 ജൂൺ 12 വ്യാഴം
BREAKING NEWS
തൃശൂർ മുരിങ്ങൂരിൽ ദേശീയ പാത നിർമ്മാർണം വൈകുന്നതിൽ പ്രതിഷേധിച്ച് ചാലക്കുടി എം എൽ എ സനീഷ് കുമാർ ചെളിയിൽ ഇരുന്ന് പ്രതിഷേധിച്ചു
നിലമ്പൂർ പോത്തുകല്ലിൽ വളർത്തുനായെ പുലി ആക്രമിച്ചു.വാരിക്കുഴിയിൽ മനോജിൻ്റെ നായെ ആണ് ആക്രമിച്ചത്.
കൊല്ലത്ത് തെരുവ് നായ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് കടവറം, കരുക്കോൺ എന്നിവിടങ്ങളിലാണ് സംഭവം
കോന്നി അതുമ്പുംകുളത്ത് ജനവാസ മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു.
കടലിൽ കപ്പൽ കത്തിയ സംഭവം: ഇന്ത്യൻ എയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററിൽ നിന്ന് രാസപദാർത്ഥങ്ങൾ വിതറാൻ തുടങ്ങി

വയനാട് കാട്ടിക്കുളത്ത് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു.രണ്ട് ബസുകളിലേയും നിരവധി യാത്രക്കാർക്ക് പരിക്ക്.
മണിപ്പൂരിലെ രാഷ്ട്രപതി ഭരണം ഉടൻ പിൻവലിക്കില്ല.
സെക്രട്ടറിയേറ്റിൽ ജാതിയമായി അധിക്ഷേപിച്ചെന്ന വ്യാജ പരാതി, ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസ്സോസിയേഷൻ ഏരിയാ കമ്മിറ്റിയിൽ നിന്ന് നീക്കി

സ്കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയുമായി ഇന്ന് കൂടി കാഴ്ച നടത്തും
നെടുങ്കണ്ടം മൈലാടുംപാറയിൽ കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

കേരളീയം
കേരളത്തിൽ അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും നാളെ മുതല്‍ ജൂണ്‍ 15 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള പുറങ്കടലില്‍ തീപിടുത്തമുണ്ടായ വാന്‍ഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാല്‍വേജ് സംഘം ഹെലികോപ്റ്ററില്‍ തീപിടിച്ച കപ്പലില്‍ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതല്‍ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ തീ അണക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്‍മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്യും.
കൊച്ചി തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. തുറമുഖ വകുപ്പല്ല സാധാരണ ഗതിയില്‍ നടപടിയെടുക്കേണ്ടത്. അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് അപകടം ഉണ്ടായത്. മല്‍സ്യത്തൊഴിലാളിയുടെ പരാതിയിലാണ് കേസ്.
സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തുമെന്നും ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയെ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാട് ദുരന്ത ബാധിതരുടെ കടം എഴുതിത്തളളുന്നതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും വാദിയും പ്രതിയുമായ കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി ബാങ്ക് രേഖകളുടെ പരിശോധനയില്‍ കണ്ടെത്തി. കേസില്‍ പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്.

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി പ്രതി ചേര്‍ത്തു. സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഡ്രൈവര്‍മാരായ കെ ഷൈജിത്, സനിത് എന്നിവരെ പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരുവരേയും സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
കാണാതായ ഫിഷ് ഫാം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിപിന്‍ നായരെ(54) ആണ് കരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. നാദാപുരം കല്ലാച്ചി വളയം റോഡിലാണ് സംഭവം. ചെടിച്ചട്ടിയില്‍ വളര്‍ത്തിയ നിലയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് എത്തിയ എക്‌സൈസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു. ചെടികള്‍ ആരാണ് നട്ടതെന്ന് കണ്ടെത്തിയിട്ടില്ല.
കോഴിക്കോട് പന്തീരാങ്കാവില്‍ ഇസാഫ് ബാങ്കിലെ ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന് പിന്നില്‍ വന്‍ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ദേശീയം
രാജ്യത്ത് കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ 306 കേസുകള്‍ കൂടിയായതോടെ ആകെ കേസുകള്‍ 7121 ആയി ഉയര്‍ന്നു. 6 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതില്‍ 3 മരണം കേരളത്തിലാണ്.

പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്ത സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല.
തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ തത്കാല്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സാധിക്കൂവെന്നാണ് റെയില്‍വേ മന്ത്രാലയം. ടിക്കറ്റ് ബുക്കിങ്ങില്‍ ഇടനിലക്കാരുടെ ഇടപെടലും അനുബന്ധ തട്ടിപ്പുകളും ഒഴിവാക്കുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് വിശദീകരണം.

രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോള വിപണിയിലേക്ക് കടന്നുചെല്ലാനുള്ള വാതിലുകള്‍ തുറന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു പദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണികളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സ്വിറ്റ്സര്‍ലണ്ടിലെ ബെര്‍ണില്‍ ഇന്ത്യന്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.
അമര്‍നാഥ് തീര്‍ത്ഥയാത്രക്ക് സുരക്ഷയൊരുക്കാനായി പോകുന്ന ബിഎസ്എഫ് ജവാന്‍മാര്‍ക്ക് മോശം ട്രെയിന്‍ നല്‍കിയ സംഭവത്തില്‍ നടപടി കൈക്കൊണ്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ നടപടിയെടുത്തെന്നും ഉത്തരാവാദികളായ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെന്നും ജവാന്മാര്‍ക്ക് വേറെ വൃത്തിയുള്ള ട്രെയന്‍ നല്‍കിയെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

മാലയണിയിച്ചതിന് പിന്നാലെ നേതാവിനെ പൊതിരെ തല്ലി പ്രവര്‍ത്തകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ ഒരു പൊതുയോഗത്തിനിടെയാണ് സംഭവം. സുഹെല്‍ദേവ് സ്വാഭിമാന്‍ പാര്‍ട്ടി (എസ്എസ്പി) ദേശീയ പ്രസിഡന്റ് മഹേന്ദ്ര രാജ്ഭറിനാണ് പലതവണ മുഖത്തടിയേറ്റത്.
ചെനാബ് പാലത്തിലൂടെ വന്ദേഭാരത് ട്രെയിനില്‍ യാത്രചെയ്യാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കുന്നു. ഇതിനകംതന്നെ അടുത്ത പത്ത് ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുപോയതായി അധികൃതര്‍ അറിയിച്ചു.
ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലപാടില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുര്‍ ഖാര്‍ഗെക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.

അന്തർദേശീയം
കുവൈത്തില്‍ താമസ വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് 500 പ്രവാസികളുടെ അഡ്രസ്സുകള്‍ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പ്രോപ്പര്‍ട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി പൊളിക്കുന്നത് മൂലമോ റെസിഡന്‍ഷ്യല്‍ വിലാസങ്ങള്‍ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ യാത്രയില്‍ അനിശ്ചിതത്വം തുടരുന്നു. റോക്കറ്റില്‍ ദ്രവീകൃത ഓക്സിജന്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിയത്. ഫാല്‍ക്കണ്‍ റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്ന് മാറ്റണമോ ഇന്ന് തീരുമാനിക്കും. ശുഭാന്‍ഷു ശുക്ല അടക്കം ദൗത്യ സംഘം ക്വറന്റീനില്‍ തുടരുമെന്നും അവരെ ഈ പ്രശ്നങ്ങള്‍ അലട്ടുന്നില്ലെന്നും ഇസ്രോ വ്യക്തമാക്കി.

അമേരിക്കയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിനിരയായ യുവാവ് ഇന്ത്യന്‍ പൗരന്‍ തന്നെയെന്ന് സ്ഥിരീകരണം. ഹരിയാന സ്വദേശിയെ ആണ് ഇന്ത്യയിലേക്ക് നാടുകടത്താന്‍ നെവാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിച്ചതെന്ന് ഉന്നത വ്യത്തങ്ങള്‍ അറിയിച്ചു. അനധികൃതമായി വിസയില്ലാതെയാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് വിശദീകരണം.
ചൈനയും യുഎസുമായുള്ള വ്യാപാര കരാറിന് രൂപമായിരിക്കുന്നെന്നും തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിച്ചേര്‍ന്നതിന് പിന്നാലെ ചൈന, റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും തന്റെ സ്വന്തം സാമൂഹികമാധ്യമമായ ടൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തുന്നതിനു മുന്‍പ് ഇരുവരും ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു.
കായികം 
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് ശ്രേയസ് അയ്യരെ തഴഞ്ഞതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യരേപ്പോലെ ഒരു താരത്തെ തഴഞ്ഞ സിലക്ടര്‍മാര്‍ക്ക് പാളിച്ച സംഭവിച്ചതായി ഗാംഗുലി വിലയിരുത്തി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനം 212 റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിച്ചടിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനു വേണ്ടി 66 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 72 റണ്‍സെടുത്ത ബ്യൂ വെബ്സ്റററും മാത്രമാണ് അര്‍ദ്ധസെഞ്ച്വറി നേടിയത്.