കൊച്ചി.സംസ്ഥാനസർക്കാരും കിറ്റെക്സ് MD സാബു എം ജേക്കബും തമ്മിലുള്ള പോര് വീണ്ടും കടുക്കുന്നു. വ്യവസായത്തിൽ കേരളം ഒന്നാമത് തന്നെയെന്നാണ് സാബു എം ജേക്കബിന്റെ ആരോപണങ്ങൾക്ക് മന്ത്രി പി രാജീവിന്റെ മറുപടി. പത്ത് വർഷം മുമ്പെങ്കിലും തെലങ്കാനയിൽ പോകാൻ താൻ തീരുമാനിക്കണമായിരുന്നെന്നും പിണറായി മഴുവെറിഞ്ഞ് നിർമിച്ചതല്ല കേരളമെന്നുമാണ് സാബു എം ജേക്കബിന്റെ പ്രതികരണം.
കേരളം വ്യവസായ സൗഹൃദമല്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിൽ തുടങ്ങിയ തർക്കമാണ് രൂക്ഷമായി തുടരുന്നത്. സാബു എം ജേക്കബിന്റെ വിമർശനത്തിൽ ഇന്നും പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ് രംഗത്തെത്തി. കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആരുടെയും ബ്ലെസ്സിംഗ് ആവശ്യമില്ലെന്നും വിദേശനിക്ഷേപത്തിൽ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാമതെത്തിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പി രാജീവിന്റെ മറുപടി
സാബു എം ജേക്കബിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി കുന്നത്തുനാട് MLA പി വി ശ്രീനിജിൻ. കിഴക്കമ്പലം ആരുടെയും പിതൃസ്വത്ത് അല്ലെന്നായിരുന്നു പോസ്റ്റ് . സാബു എം ജേക്കബിന്റേത് പാർട്ടിയെ വളർത്താനുള്ള നീക്കമാണെന്നുമായിരുന്നു പി.വി.ശ്രീനിജന്റെ പ്രതികരണം.
മന്ത്രിയ്ക്കും പി വി ശ്രീനിജിനും മറുപടിയുമായി സാബു എം ജേക്കബ് രംഗത്തുവന്നു. പിണറായി മഴുവെറിഞ്ഞു നിർമിച്ചതല്ല കേരളമെന്നും തനിക്കുള്ള അവകാശമേ ഇവിടെ മന്ത്രി പി രാജീവിനുള്ളൂവെന്നും സാബു എം ജേക്കബ്പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ല എന്ന നേരത്തെയും കിറ്റക്സ് എം.ഡി. വിമർശിച്ചിരുന്നു. നീണ്ട ഇടവേളക്കുശേഷമാണ് സർക്കാർ കിറ്റക്സ് പോര് രൂക്ഷമാകുന്നത്






































