കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ കപ്പലില്‍ തന്നെ തുടരുന്നതായാണ് വിവരം. ഇവര്‍ക്ക് പൊള്ളലേറ്റതായിട്ടാണ് വിവരം.
അതെ സമയം നാല് പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. സംഭവത്തില്‍ ജീവനക്കാരെ രക്ഷപ്പെടുത്താനും അവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ബേപ്പൂരിലും കൊച്ചിയിലും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശമുണ്ട്.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിന് ആണ് തീപിടിച്ചിരിക്കുന്നത്. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ അപകടത്തില്‍പ്പെട്ടത്. 20 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. 22 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടെന്നാണ് വിവരം. തീയണയ്ക്കാനായി 4 കോസ്റ്റ് ഗോര്‍ഡുകള്‍ സംഭവ സ്ഥലത്തുണ്ട്. 2005 ല്‍ നിര്‍മ്മിച്ച ഈ കപ്പല്‍ നിലവില്‍ സിംഗപ്പൂര്‍ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നത്.
കപ്പലില്‍ പല തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. 20 കണ്ടെയ്നര്‍ കടലില്‍ വീണു. കപ്പലില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്. . നിലവില്‍ കേരളാ തീരത്ത് മുന്നറിയിപ്പില്ല. അതേസമയം കടലില്‍ വീണ കണ്ടെയിനറുകളില്‍ എന്തൊക്കെയാണുള്ളതെന്നതില്‍ വ്യക്തതയില്ല.
































