ലോകത്തിൽ ഏറ്റവും വലിയ കാർഗോ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. എട്ടുമണിയോടെയാണ് കപ്പൽ ഭീമന്റെ ബർത്തിംഗ് നടന്നത്. വാട്ടർ സല്യൂട്ടേകിയാണ് എംഎസ്‌സി ഐറിനയെ സ്വീകരിച്ചത്. നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലിൽ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബർത്തിംഗിന് അനുമതിയായത്. ജൂൺ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പൽ ഇവിടെയുണ്ടാകും.
നാലായിരത്തോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കിയശേഷം ഏതാനും കണ്ടെയ്നറുകളുമായി കപ്പൽ മടങ്ങും.
24,000 മീറ്റര്‍ ഡെക്ക് ഏരിയയും 24,346 ടിഇയു കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയുന്നതുമായ എംഎസ്‌സി ഐറിനയ്ക്ക് 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്.
ക്യാപ്റ്റന്‍ വില്ലി ആന്റണി എന്ന തൃശ്ശൂര്‍ സ്വദേശിയാണ് എംഎസ്‌സി ഐറിനയുടെ കപ്പിത്താന്‍. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347-മത് കപ്പലാണ് എംഎസ്‌സി ഐറിന. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായി ഐറിനയെത്തുന്നു എന്ന നേട്ടവും വിഴിഞ്ഞത്തിനുണ്ട്.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളാണ് മെഡിറ്റേറിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ ഐറിന സീരീസിലുള്ള കപ്പലുള്ളത്. ഇതില്‍ ഉള്‍പ്പെട്ട എംഎസ്‌സി തുര്‍ക്കി, മിഷേല്‍ എന്നിവയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.