2025 ജൂൺ 07 ശനി
ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ബലിപെരുന്നാള്‍ ആശംസകള്‍
BREAKING NEWS
തിരുവനന്തപുരം പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ചു
പുലർച്ചെ അഞ്ചു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

സേലം വാഹനാപകടം; പരിക്കേറ്റ ഷൈൻ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്‍റെ സംസ്കാരം പിന്നീട്
സേലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു.
മുൻ കെ പി സി സി അധ്യക്ഷനും, എം പി യും എം എൽ എ യുമായിരുന്നതെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ.
കേരളീയം
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ നിന്ന് മാറ്റില്ലെന്ന പ്രഖ്യാപിച്ച ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് സിപിഐ. ഗവര്‍ണ്ണര്‍ക്കെതിരെ ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സിപിഐ ഇന്ന് വൃക്ഷത്തൈകള്‍ നടും.
വീടുകളില്‍ കയറി തെരുവുനായ ആക്രമണം. പാലക്കാട് കോട്ടോപ്പാടത്താണ് തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റത്. കടിയേറ്റ ഒരാള്‍ക്ക് സാരമായ പരിക്കേറ്റു. അരിയൂര്‍ പടുവില്‍ കുളമ്പില്‍ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയില്‍ കാര്‍ പാഞ്ഞു കയറി ഒരു മരണം. പാലച്ചിറ ബൈജു ഭവനില്‍ 65 വയസ്സുള്ള ശാന്തയാണ് മരണപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു. ബോട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.ഫിഷറീസ് വകുപ്പിന് കരാര്‍ നല്‍കിയിരുന്ന ബോട്ടാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് താണുപോയത്.
കായംകുളത്ത് ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ആരോമല്‍ (27) ആണ് മരിച്ചത്. സര്‍വീസ് റോഡില്‍നിന്നും ദേശീയപാതയിലേക്ക് കടന്ന ഉടന്‍ റോഡ് അവസാനിക്കുന്നിടത്തുള്ള കുഴിയില്‍ വീണാണ് അപകടം ഉണ്ടായത്.
പാലക്കാട് – പൊള്ളാച്ചി സംസ്ഥാന പാത 52 ലെ കുഴിയില്‍ വീണുണ്ടായ വാഹാനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. അങ്കണ്‍വാടി ടീച്ചറായ പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റിലെ ജയന്തി മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ കരുവപാറ സെന്‍ പോള്‍സ് സ്‌കൂളിന് സമീപത്ത് ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

കണ്ണൂര്‍ പാനൂരില്‍ വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് സുകുമാരനാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്.
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ബിഷപ്പ് കബളിപ്പിച്ചത്. യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.
ദേശീയം
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. അതേസമയം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഐപിഎല്‍ കിരീടവിജയാഘോഷത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പര്‍ താരം വിരാട് കോലിക്കെതിരേ പോലീസില്‍ പരാതി. ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ്പരാതിക്കാരന്‍.
കാലാവസ്ഥ വ്യതിയാനം മൂലം ഇന്ത്യന്‍ കാര്‍ഷിക മേഖല 25% വരെ വിളനഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ കര്‍ഷക സംഘടന ഫെഡറേഷന്‍ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്. ക്രമരഹിതമായ മഴ, വരള്‍ച്ച, അന്തരീഷ താപനില ഉയരുന്നത്, വര്‍ധിച്ചുവരുന്ന കീടങ്ങളുടെ ആക്രമണം, മുതലായവ കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണിച്ചതില്‍ സന്തോഷമെന്നും മോദി എക്സില്‍ കുറിച്ചു.

നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്തും. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ആഗസ്റ്റ് മൂന്നിലേക്ക് പരീക്ഷ മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്.
ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വേദനയുമായെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതില്‍ വിവാദം. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വെച്ച് മരിച്ചുവെന്ന് പറഞ്ഞാണ് നഴ്സുമാര്‍ യുവതിക്ക് ചികിത്സ നല്‍കാതിരുന്നത്. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലക്നൗവില്‍ നിരവധി കേസുകളില്‍ പ്രതിയായ ദീപക് വര്‍മ്മയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ആലംബാഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അന്തർദേശീയം
ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ സൗദിയിലെത്തി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. മിനാ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഷിംല കരാറിനെ ചത്തുപോയ രേഖയെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെ തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാര്‍ റദ്ദാക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്വാന്‍. ഡി4 ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലാണ് തായ്വാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് പ്രതിരോധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ ഒന്നിനുപിറകെ ഒന്നായി നാല് കത്തുകളയച്ചതായി റിപ്പോര്‍ട്ട്. ജലലഭ്യതക്കുറവ് കാരണം പാകിസ്താന്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണെന്നാണ് സൂചന.
ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ ടെലികോം മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. സ്റ്റാര്‍ലിങ്കും ടെലികോം വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അതേസമയം, ആയുധ വ്യാപാര ഭീമനായ റഷ്യയുടെ കച്ചവടം 92 ശതമാനവും ഇടിഞ്ഞതായും 2024 ലെ സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കായികം
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.