വിടപറയുന്നത് പൊതുപ്രവര്‍ത്തനത്തിലെ എക്കാലത്തേയും മാതൃക

Advertisement

തിരുവനന്തപുരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള യുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത് പൊതുരംഗത്തെ എക്കാലത്തേയും മികച്ച മാതൃക. കോണ്‍ഗ്രസില്‍ നിഷ്പക്ഷതയിലൂടെ നേതൃനിരയിലെത്തിയ അപൂര്‍വം വ്യക്തികളിലൊരാളാണ് തെന്നല. നിരന്തരം പോരടിക്കുകയും അധികാരത്തിനും അഹങ്കാരത്തിനും പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്യുന്ന ഖദര്‍ധാരികള്‍ക്കിടയില്‍ എന്നും വേറിട്ട സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇരുവിഭാഗത്തിന്‍റെ തര്‍ക്കങ്ങളില്‍ തെന്നല കമ്മിറ്റി നിഷ്പക്ഷതയുടെ മറുപേരായി അവതരിപ്പിക്കപ്പെട്ടു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി മുക്കോലയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. മൂന്നു തവണ രാജ്യസഭാ എം പി,രണ്ടു തവണ നിയമസഭാംഗം,രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയും സൗമ്യനും മിതഭാഷിയും കളങ്കമേൽക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകൾക്കതീതനായ കോൺഗ്രസുകാരനായാണ് സ്വയം അടയാളപ്പെടുത്തിയത്. 

1931 മാർച്ച് 11–ന് ശൂരനാട് തെന്നല വീട്ടിൽ എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിഅമ്മയുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിഎസ്്സിയില്‍ ബിരുദം നേടി. ശൂരനാട് വാർഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ബ്ളോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതൽ അഞ്ചുവർഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവർത്തിച്ചു. ദീർഘകാലം കെപിസിസി സെക്രട്ടറിയുമായിരുന്ന അദ്ദേഹം 1998–ലും പിന്നീട് 2004–ലും കെപിസിസി അധ്യക്ഷനുമായി. ഒരിക്കൽപോലും മത്സരത്തിലൂടെയല്ല പാർട്ടിസ്ഥാനങ്ങളിലെത്തിയത്.  അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977–ലും 1982–ലും നിയമസഭയിലെത്തി. 1967,80,87 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 1991ലും 1992-ലും 2003–ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സതിദേവിയാണ് ഭാര്യ.നീത ഏക മകൾ.

Advertisement