എതിർ ചേരിയിലെ അധ്യാപകനോട് വൈരാഗ്യം, വിദ്യാർത്ഥിനിക്കെതിരെ വ്യാജപ്രചാരണം ഉപായമാക്കി, അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Advertisement

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരായ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ രാജാ രവിവർമ സെൻട്രൽ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയ്ക്കെതിരെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്കൂൾ മാനേജ്മെന്‍റ് നടപടിയെടുത്തത്. വിദ്യാർഥിനിക്കെതിരെ അധ്യാപിക നടത്തിയ വ്യാജ ആരോപണത്തിലും അപവാദ പ്രചാരണത്തിലും മനംനൊന്ത് പഠനം ഉപേക്ഷിക്കുന്നതായി വിദ്യാർഥിനി വെളിപ്പെടുത്തിയതോടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

സഹ അധ്യാപകനോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ്‌ അധ്യാപിക പെൺകുട്ടിയെ ഇരയാക്കിയതെന്ന്‌ കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. ഇത് ശ്രദ്ധയിൽപെട്ടതോടെ കുട്ടി ക്ലാസിൽ പോകാതായി. ഇതോടെയാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയത്.

മുഖ്യമന്ത്രി, പട്ടികജാതി-വർഗ കമ്മീഷൻ, സ്കൂൾ അധികൃതർ എന്നിവർക്ക്‌ കുടുംബം പരാതി നൽകി. വിദ്യാര്‍ഥിനി നേരിട്ട ദുരനുഭവം പുറത്തുവന്ന ഉടനെ വിദ്യാര്‍ഥി സംഘടനകള്‍ ഉൾപ്പടെ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. ഇതോടെ അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സസ്പെൻഷൻ‌. തന്നെ പരിചയം പോലും ഇല്ലാത്ത അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി വിശദമാക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇല്ലാക്കഥകള്‍ വന്നപ്പോള്‍ പഠിക്കാന്‍ പോലും തോന്നിയില്ലെന്നും നാണക്കേടായതോടെ മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്നും പെണ്‍കുട്ടി വിശദമാക്കിയിരുന്നു.

Advertisement