കേരള തീരത്ത് മുങ്ങിയ ചരക്കുകപ്പലുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി. കപ്പലിൽ ഉണ്ടായിരുന്ന കാർഗോ, കടലിൽവീണ വസ്തുക്കൾ, സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികൾക്കും ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയവ അറിയിക്കണമെന്നാണ് നിർദ്ദേശം. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജനജീവിതത്തെ ബാധിക്കുന്നതാണ് കപ്പലപകടമെന്നും, വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. എംഎസ്സി എൽസ 3 എന്ന കപ്പൽ മുങ്ങിയതുമായി ബന്ധപ്പട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിഥിൻ ജംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. കപ്പൽ അപകടം, കപ്പലിൽ ഉണ്ടായിരുന്ന കാർഗോ, കപ്പലിൽ നിന്നു കടലിൽവീണ വസ്തുക്കൾ സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികൾക്കും ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയവയെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ അറിയിക്കണം. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.